ഹിഗ്വിറ്റ

Short Story

ഹിഗ്വിറ്റ


"പെനൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത' എന്ന ജർമൻ നോവലിനെക്കുറിച്ച് ഇറ്റലിയിൽ നിന്നെത്തിയ സാഹിത്യസ്‌നേഹിയായ ഫാദർ കപ്രിയറ്റി ഗീവർഗീസച്ചനോട് ഒരി​ക്കൽ, ഏറിയാൽ രണ്ടുതവണ, പറഞ്ഞിരിക്കണം. നോവലിന്റെ പേരു കേട്ടപ്പോൾതന്നെ ഗീവർഗീസച്ചന് അത് വായിച്ചപോലെ തോന്നി ഒരു തവണയല്ല, പലതവണ.

എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ടുകൈകളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തുനിൽക്കുന്നു. ഗാലറികളിൽ അൻപ​തിനായിരം തുപ്പൽപറ്റിയ തൊണ്ടകൾ അപ്പോൾ നിശ്ശബ്ദരായി​രിക്കും. ഒരു കാണി മാത്രം ഇടയ്ക്ക് മൂന്നുതവണ കൂവും. ഇങ്ങനെ പല കഥകളിലൂടെ ഗോളിയുടെ ജന്മപരമ്പരകൾ ഗീവർഗീസച്ചൻ മനസ്സിൽ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആ ജർമൻ നോവൽ വായിക്കണം എന്ന് അച്ചന് തോന്നിയതേ ഇല്ല. അതോടെ ഗോളിയുടെ ജാതകകഥകൾ അവസാനിക്കും. പിന്നെ, നോവലിൽ എഴുതിയത് മാത്രമായി അവന്റെ കഥ ചുരുങ്ങുന്നു.

ആദ്യത്തെ കുറച്ചു ദിവസം ഗോളി മാറ്റമില്ലാതെ യേശുക്രിസ്തു ആയിരുന്നു. ഒന്നാംനമ്പർ ജഴ്‌സി അണിഞ്ഞ് കർത്താവ് പല പന്തു​​കളും തട്ടിമാറ്റി. കുറച്ചുനാളുകൾക്കുശേഷം പെട്ടെന്ന് ഗോളി ഗോളിയത്തായി. ഒന്ന് മുറുമുറുക്കുവാൻ ഇരുചെവിപോലും ഇല്ലാതെ ആകാശം മുട്ടിനിൽക്കുന്ന ഏകാന്തതയിൽ കവണിയിൽനിന്ന് തൊടുത്തുവിട്ട പെനൽറ്റി കിക്ക് കാത്ത് ഗോളി നിന്നു. ബഹുരൂപിയായ ഗോളിയുടെ സാധ്യതകൾ ദിവസംപ്രതി വർദ്ധിച്ചുകൊണ്ടേ ഇരുന്നു.


Related Articles