മഴ പെയ്തു വെയിൽ വരുന്നതിനു മുമ്പ് അങ്ങനെയൊരു സമയമുണ്ടോ? ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരുതരം മഞ്ഞ നിറത്തിലുള്ള പ്രകാശം എന്റെ മുറി മുഴുവൻ നിറയും. പക്ഷേ, അത് വെയിലിന്റെ വെളിച്ചമല്ല. വെയിലുമായി ബന്ധമില്ലാത്ത എന്തോ ഒന്ന്. അതുകഴിഞ്ഞാണ് മഴ മാറി വെയിലുദിക്കുന്നത്. അത് കാണുന്നത് എനിക്ക് എന്തോ ഇഷ്ടമാണ്. അല്ലെങ്കിലും ഈ മുറിയിൽ അങ്ങനെ കാണാൻ അധികമൊന്നുമില്ല. ഒരു മരത്തിനു മുകളിൽ ഇരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം ഉണ്ട്. ആ കുഞ്ഞ് ഉദിച്ചു വരുന്ന സൂര്യനെ നോക്കുകയാണ് ആ ചിത്രത്തിൽ. അതിലേക്ക് എത്ര നേരം വേണമെങ്കിലും എനിക്ക് നോക്കിയിരിക്കാൻ കഴിയും. പിന്നെയുള്ളത് മുറിയുടെ മൂലയിൽ വല കെട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിലന്തിയാണ്. അത് സ്വന്തം കാര്യം മാത്രം നോക്കി അങ്ങനെയിരിക്കുന്നു. ചിലപ്പോൾ മുറിയുടെ ഇടതുവശത്തായിരിക്കും. ചിലപ്പോൾ വലതുവശത്തും. ഇത് ഒരൊറ്റ ചിലന്തി ആണോ അതോ വേറെ വേറെ ചിലന്തികളോ? ഒന്നേ ഒന്നെന്ന് ചിന്തിക്കുന്നതാണ് അതിന്റെ രസം. പിന്നെ ഇടയ്ക്കിടയ്ക്ക് എലിയോ പല്ലിയോ അങ്ങനെ എന്തെങ്കിലും വരും.
ഇന്ന് നേരം ഒട്ടും മുന്നിലേക്ക് നീങ്ങുന്നില്ല. ചേച്ചി പോയതിൽ പിന്നെയാണ് ഇങ്ങനെ നേരം പതിയെ പോകാൻ തുടങ്ങിയത്. ഒറ്റക്കാണ് എന്ന തോന്നൽ അനുഭവപ്പെടാൻ തുടങ്ങിയത്. ഇവിടുന്ന് എങ്ങോട്ടെങ്കിലും പോകാൻ തോന്നുന്നു. പക്ഷേ, നിങ്ങൾക്കെന്റെ അവസ്ഥ അറിയില്ല. എനിക്ക് എന്റെ വിരലുകൾ പോലും അനക്കാൻ കഴിയില്ല. എന്തിന് എന്റെ ശരീരം എനിക്ക് അനുഭവപ്പെട്ടത് ഏതോ മങ്ങി തുടങ്ങിയ പഴയ ഓർമ്മയിലാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനങ്ങൾ ഞാൻ കൊച്ചായിരുന്നപ്പോൾ ആയിരുന്നു. ജനലിലും മേശമേലുമെല്ലാം ഞാൻ വലിഞ്ഞു കേറും. ഉയരമുള്ള ജനൽ പടിയിൽ നിന്നും താഴേക്ക് ചാടും. ചേച്ചിയെ അനുകരിച്ചായിരുന്നു ഞാൻ എല്ലാം ചെയ്തിരുന്നത്. ചേച്ചി പറമ്പിലുള്ള കുഞ്ഞുമരങ്ങളിൽ എല്ലാം കയറുമായിരുന്നു. വീടിന് പുറകിൽ നിന്നിരുന്ന സാമാന്യം ഉയരമുള്ള നെല്ലിമരത്തിൽ കയറി മുകളിൽ നിന്നും എന്നെ നോക്കി കൈവീശി കാണിക്കും.
