'വിഷം കൊടുത്ത്, കാമുകനെ കൊന്ന രാക്ഷസി' എന്ന അടിക്കുറിപ്പോടെ, സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ റെസിഡെൻഷ്യൽ അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടപ്പോൾ അനാമിക അന്ധാളിപ്പിന്റെ ഇമോജിയിട്ടു. തൊട്ടുപിറകെ 'കാമുകന്മാർ ജാഗ്രതൈ' എന്ന ആരുടെയോ കമന്റിനുകീഴെ രണ്ട് കുലുങ്ങിച്ചിരിയുമിട്ടു. ആരോ പിടിച്ച് തെങ്ങിന് കെട്ടിയിട്ട മോഷ്ടാവിന്റെ ദേഹത്ത് വരുന്നോരുടെയും പോകുന്നോരുടെയും ഇടിയും ചവിട്ടും ഇളിച്ചുകാട്ടലും കാർക്കിച്ചുതുപ്പലും പോലെ ഗ്രൂപ്പിൽ ഇനി ഇമോജികളുടെ തിമിർക്കലായിരിക്കും. ഓരോരുത്തരുടെയും മനസ്സുമുഴുവൻ വിരൽതുമ്പിനോളംപോന്ന അടയാളങ്ങളിൽ നിന്ന് വായിച്ചെടുക്കാം. രാത്രി കിടക്കാൻ നേരത്ത് ഒന്നൊന്നായി തോണ്ടിയെടുത്ത് ആസ്വദിക്കാമെന്നുകരുതി അനാമിക മൊബൈൽ ഓഫാക്കി ഡ്രസ്സിംഗ് ടേബിളിനുമീതെ വെച്ചു.
ഏഴുമണിക്കാണ് സുനീതിയുടെ ബർത്ത്ഡേ പാർട്ടി. അനാമിക ഫ്ലാറ്റിനുവെളിയിലിറങ്ങാതായിട്ട് കാലം കുറച്ചായി. ഡ്രസ്സും വീട്ടുസാധനങ്ങളും വാങ്ങാൻ ഇടക്കെങ്കിലും പുറത്തിറങ്ങാറുണ്ടായിരുന്നു, കുറച്ചുമുമ്പ് വരെ. എന്നാലിപ്പോൾ എല്ലാം ഓൺലൈനിൽ വരുത്തിക്കുന്നതുകൊണ്ട് പുറംലോകവുമായുള്ള അകൽച്ച ദൃഢമായി. ഇപ്പോൾ മടിയുമായി. ബർത്ത് ഡേ പാർട്ടിക്ക് സുനീതി ഫോണിലൂടെ ക്ഷണിച്ചപ്പോൾതന്നെ ''എങ്ങും പോകാറില്ല, ആശംസകൾ അഡ്വാൻസായി തന്നിരിക്കുന്നു'' എന്ന് അറിയിച്ചിരുന്നതാണ്. ''അതുപറ്റില്ല, നീ വരണം, വന്നില്ലെങ്കിൽ മിണ്ടൂല്ല'' എന്ന് സുനീതി ശാഠ്യം പിടിച്ചു. ''മിണ്ടൂല്ല'' എന്ന് കേട്ടപ്പോൾ പഴയ എൽ പി സ്കൂളിലെ അവളുടെ കുഞ്ഞുമുഖം മിന്നായം പോലെ ഓർമ്മയിലെത്തി. ''അഖിലയുമുണ്ട്, അവൾ വരുന്നവഴിക്ക് നിന്നെ പിക്ക് ചെയ്യാൻ ഏർപ്പാടാക്കാം, മുടക്കം പറയരുത്'' എന്നുകൂടി പറഞ്ഞപ്പോൾ വഴങ്ങുകയായിരുന്നു.
ബ്യൂട്ടി ക്ലിനിക്കിൽ നിന്ന് അഖില അഞ്ചുമണിക്ക് ഇറങ്ങിയാൽ പത്തു പതിനഞ്ച് മിനുട്ടുകൊണ്ട് ഇവിടെയെത്തും. ദൂരം അധികമില്ലെങ്കിലും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി, സുനീതിയുടെ ഫ്ലാറ്റിലെത്തുമ്പോഴേക്കും ആറര കഴിയും. ഇനിയും ഒരുങ്ങാൻ വൈകിയാൽ ഫങ്ഷൻ തുടങ്ങുന്നതിനുമുമ്പ് എത്താനാവില്ല. സുനീതി കെറുവിക്കും.
