നന്തനാരുടെ ആട്ടിൻകുട്ടി

Short Story

നന്തനാരുടെ ആട്ടിൻകുട്ടി


ഞാൻ നിരാശനാണ്. ചില നേരങ്ങളിൽ സങ്കടംകൊണ്ട് ഞാൻ കൂനിപ്പോവാറുണ്ട്. എന്റെ കാലുകളിൽ നിന്നും നടക്കുവാനുള്ള മിടുക്ക് ആരോടും ചോദിക്കാതെ ഇറങ്ങിപ്പോവുന്നത് എനിക്ക് കാണാം. ആ നേരം അവിടെ നിൽക്കൂ എന്ന് പറയുവാനായി നാവൊന്ന് ഉയർത്തണമെന്ന് ആഗ്രഹിച്ചാലും അതിനാവില്ല. പാറക്കെട്ടുകൾക്കിടയിൽ പെട്ടു പോയൊരു പാമ്പിനെ ഓർമ്മിപ്പിച്ചു കൊണ്ട് നാവ് എന്നെ ഒഴിവാക്കും. ഒരിക്കലും ഗുഹ വിട്ട് പുറത്തു വരാത്തൊരു ആദിമ മനുഷ്യനെപ്പോലെ തന്റെ ഏകാന്തതയിലത് തണുത്ത് കിടക്കും. ഞാൻ നിരാശനാണ്. സന്തോഷിക്കാൻ, പാട്ടു പാടാൻ, രതി ചെയ്യാൻ കഴിയുന്നതുപോലെ ഒരാൾക്ക് നിരാശപ്പെടാനും കഴിയും. നിങ്ങളുടെ മുഖമെന്താണിങ്ങനെ തണുത്തുറഞ്ഞിരിക്കുന്നതെന്ന് ഒരാൾ ചോദിച്ചാൽ ഞാൻ അയാളുടെ മുന്നിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തും. അയാൾ വിടില്ല. ഒരോ ചോദ്യങ്ങളായി ചോദിച്ചു കൊണ്ട് മുഖത്തെ മൂടി നിൽക്കുന്ന മഞ്ഞഴിക്കുവാൻ ശ്രമിക്കും. ശരീരത്തിൽനിന്നും നീരാവിപോലെ ഉയരുന്ന രക്ഷപ്പെടാനുള്ള ആഗ്രഹം അയാൾ മനസ്സിലാക്കുകയേ ഇല്ല. ഞാൻ നിരാശനാണ്. ഓടിപ്പോകുവാൻ എനിക്ക് ആവതില്ല. ഹൃദയത്തിന്റെ ഭാരം വല്ലാതെ കിതപ്പിക്കും. കണ്ണുകൾ വഴിയറിയാതെ മുടന്തും. ശ്വാസം, പുറമേക്ക് വരാൻ മടി കാണിക്കുന്ന പെണ്ണിനെപ്പോലെ ഒളിക്കാൻ ശ്രമിക്കും. നിരാശനായ മനുഷ്യർക്ക് നിരാശയോടെ ജീവിക്കാൻ ഭൂമിയിൽ ഒരു സ്ഥലമില്ലെന്ന് അറിയാമെന്നുള്ളതുകൊണ്ടാണ് ഞാൻ മരണത്തെക്കുറിച്ച് ചിന്തിച്ചത്. പലതരം മരണങ്ങൾ ഓർത്തു. എല്ലാം എന്നെ ക്ഷണിച്ചു. കഴുത്തിലെ കശേരുക്കളെ മുറുക്കിയുടയ്ക്കുന്നത്, അമ്ലത്തിന്റെ കുതിപ്പിൽ പിഴുതെടുക്കുന്നത്, അഗ്‌നിയിൽ വെന്തടരുന്നത്... ഒറ്റ ആലിംഗനത്തിൽ ശ്വാസത്തെ കവർച്ച ചെയ്യുന്ന, ശബ്ദവും കരുത്തും വേഗവുമുള്ളൊരു മരണത്തെയാണ് എന്റെ ശരീരം ആഗ്രഹിച്ചത്.

ഞാൻ നിരാശനാണ്. തീവണ്ടി യാപ്പീസിന്റെ ഇരുട്ട് വാതിലിലൂടെ നടന്നു വരുമ്പോൾ ഇരുകൈകൾ പോലെ നീണ്ടു നിവർന്ന പാളങ്ങൾ എന്നെ ഉറക്കത്തിൽനിന്ന് എണീറ്റ് നോക്കി. അവർ വീണ്ടും കിടന്നു. പ്ലാറ്റ്‌ഫോമിലെ ഒഴിഞ്ഞ ചാരുബഞ്ചുകളിൽ കിടന്നിരുന്ന ഇരുട്ടിലേക്ക് ഇരുന്നു. ചെറിയ വെളിച്ചങ്ങൾ. ചില ശബ്ദങ്ങൾ. മറ്റാരുമില്ലാത്ത ഒരു ചെറിയ സ്‌റ്റേഷൻ. നിരാശനായ ഒരാളെ ലോഹചക്രങ്ങൾക്ക് കുരുതിയെന്നപോലെ ഒളിപ്പിച്ചു വെക്കുന്നതിന്റെ ഗൂഢരഹസ്യം. ചാരുബഞ്ചിൽ തല ചായ്ച്ചു കിടന്നു. ആകാശമോ നക്ഷത്രങ്ങളോ കണ്ടില്ല. ഉരുക്കിന്റെ മഹാരൂപമടുത്തുവരുമ്പോൾ സ്വയം സമർപ്പിക്കുന്ന ആ നിമിഷം, അതു മാത്രമായിരുന്നു ഉള്ളിലെ വഴികളിൽ ചുറ്റി നടന്നിരുന്നത്.

'നിങ്ങൾ നിരാശനാണ്.'


Related Articles