കായല്‍ത്തുരുത്തേല്‍ മറിയയുടെ ചൂണ്ടല്‍ക്കുരുക്കിനറ്റത്ത് കുരുങ്ങിയാല്‍ പിന്നെ ഒന്നും നോക്കീട്ടു കാര്യമില്ലാന്ന് ഏത് ബ്രാലിനും നെത്തോലിക്കും മനിഞ്ഞിലിനും മുഷിക്കും പച്ച വെള്ളംപോലെ അറിയാം. കുരുക്കേല്‍ കുടുങ്ങാതെ ഏത് ചേറില്‍ പോയി ഒളിച്ചാലും മറിയ മുട്ടറ്റം ചേറില്‍ ഇറങ്ങി രണ്ടു കൈകൊണ്ടും പൊത്തിയങ്ങ് പിടിക്കും. ഇതെന്നാ പിടിയാ മറിയേ... ഒരു ഒതുക്കത്തിലൊക്കെ പിടിക്കണ്ടായോ... ഇപ്പം ശ്വാസം മുട്ടി ചത്തേനെ എന്ന് പറയാനായുമ്പോഴേക്ക് കൂട്ടിപ്പിടിച്ച് ചുണ്ടിലമര്‍ത്തിയൊരു മുത്തോം തന്ന് അരയില്‍ കെട്ടിയ കൂടത്തിലിട്ടിട്ടുണ്ടാവും. മറിയേടെ ചുണ്ടിന്റെ ചൂടും മൃദുലതയുംകൊണ്ട് രണ്ട് പള്ള് പറയാന്‍ കരുതിയതൊക്കെ ഏങ്ങാണ്ടോ ആവിയായി പോയിട്ടുണ്ടാവും.
ചൂണ്ടലീക്കുടുങ്ങിയോരും അല്ലാത്തോരും എല്ലാം കൂടെയങ്ങൊരു ഡപ്പാംകൂത്താണ് പിന്നെ. കായല്‍ത്തുരുത്തേല്‍ മറിയായെ മക്കാറാക്കാന്‍ പറ്റുന്ന തരത്തിലെല്ലാം ഉണ്ടാക്കിപ്പാട്ടും ഉണ്ടാവും കൂടെ.
"മറിയേരമ്മേരെ ആട്ടിന്‍കുട്ടി
മണിയന്റമ്മേരെ സോപ്പും പെട്ടി
മറിയേരമ്മേരെ ആട്ടിന്‍കുട്ടി
മണിയന്റമ്മേരെ സോപ്പും പെട്ടി
