സെറിലാക്

Short Story

സെറിലാക്


'കൗസല്യ സുപ്രജ രാമപൂർവ സന്ധ്യാ പ്രവർത്തതേ...'

ദൂരെയെവിടെയോ നിന്ന് സുപ്രഭാതം കേട്ട് തുടങ്ങിയപ്പോൾ കണ്മണി കണ്ണ് തുറക്കാതെ കിടക്കപ്പായയിലൂടെ വിരലോടിച്ചു. പള്ളിക്കരയിലെ അമ്മമ്മയുടെ വീട്ടിലെ പനമ്പായ! ഇടത്തേക്ക് തിരിഞ്ഞ് മൺചുവരിലേക്ക് നാക്ക് നീട്ടി. അപ്പോഴുണ്ടായ നനവിലെ മണം നന്നായി അകത്തേക്കെടുത്തു. ഓണക്കാലമാണെന്നും ഉണർന്നെഴുന്നേൽക്കുന്നത് പള്ളിക്കരയിലാണെന്നും ഓർത്തപ്പോൾ ആനന്ദം കൊണ്ടവൾക്ക് മൂത്രമൊഴിക്കാൻ മുട്ടി. പക്ഷേ അനങ്ങിയില്ല.

"റോസേടെ കെട്ടിയോൻ തിരിച്ച് വന്നെന്ന്...കാവിന്റവിടത്തെ കുഞ്ഞിക്ക് ബാധ കയറിയെന്ന്, അമ്മൻ കോവിലിലെ ഉത്സവത്തിന് സുരേം മുരുകനും ഒക്കെ തുള്ളാനൊണ്ട്. നീ പിള്ളേരേം കൊണ്ട് വരൂലേ..?"

എന്നിങ്ങനെയുള്ള നാട്ടുകാര്യങ്ങൾ അമ്മമ്മ കണ്മണിയുടെ അമ്മയോട്  പറഞ്ഞ് തുടങ്ങുന്നത് സുപ്രഭാതത്തിനുശേഷം യേശുദാസിന്റെയും ചിത്രയുടെയും പാട്ടിനൊപ്പം നേരമിങ്ങനെ വെളുത്തു തുടങ്ങുമ്പോഴാണ്.


Related Articles