ഒന്ന്
അലക്കുയന്ത്രത്തിന്റെ ചില്ലുവാതിലിനപ്പുറം സോപ്പുവെള്ളം പതയുന്നുണ്ട്. ഭാര്യയുടെ പിങ്ക് നിറമുള്ള വെയിട്രസ്സ് കുപ്പായം അതിനുള്ളിൽ ചുരുണ്ടും നിവർന്നും കറങ്ങുന്നത് അയാൾ നോക്കിനിന്നു. അർദ്ധരാത്രി കഴിഞ്ഞിരുന്നു. അയാൾ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ചുക്കിച്ചുരുണ്ട ഒരു കടലാസുകഷണവും പെൻസിലും പുറത്തെടുത്തു. പലചരക്കുകടയിൽ നിന്നും മുമ്പെന്നോ കിട്ടിയ ബില്ലാണ്. അതിന്റെ മറുപുറം കാലിയാണ്. എഴുത്തിനു സജ്ജമാണ്.
അയാൾ അവിടുത്തെ മഞ്ഞനിറമുള്ള പ്ലാസ്റ്റിക് കസേരയിലേക്കു ചാഞ്ഞിരുന്നിട്ട് ആദ്യം ഒരക്ഷരം കുറിച്ചു. പിന്നെ ഒരു വാക്കും. പകൽ മുഴുവനും കേട്ടു തഴമ്പിച്ച സോമില്ലിലെ ഈർച്ചവാളിന്റെ ശബ്ദമായിരുന്നു കാതിൽ. ശ്വാസകോശത്തിലേക്ക് അറക്കപ്പൊടി യഥേഷ്ടം കയറിപ്പറ്റിയിട്ടുള്ളതും കുറച്ചെടുത്തായിട്ട് നിർത്താത്ത ചുമയിലൂടെ അറിവാവുന്നുണ്ട്.
മറ്റാർക്കും വേണ്ടി മാറ്റിവെക്കേണ്ടതില്ലാത്ത ഈ നേരം അയാൾക്കു സ്വന്തമാണ്. രശീതിൻ്റെ പുറകിൽ അയാൾ ജോലി സമയത്തുടനീളം മനസ്സിൽ കൊണ്ടുനടന്ന മനുഷ്യരെ മഷിപ്പുറത്തു സൃഷ്ടിച്ചു. വാടക കൊടുക്കാൻ കാശില്ലാതെ പരസ്പരം മിണ്ടാതിരിക്കുന്ന ഭാര്യാഭർത്താക്കന്മാർ - തുറന്നുവെച്ച ഒഴിഞ്ഞ ഫ്രിഡ്ജിനു മുന്നിൽ പാതിരാത്രിയിൽ പകച്ചുനിൽക്കുന്നവർ - അവരുടെ വാക്കുകൾക്ക് വിയർപ്പിന്റെയും നിസ്സഹായതയുടെയും ഗന്ധമുണ്ടായിരുന്നു.
