ബട്ടർഫ്ലൈ

Short Story

ബട്ടർഫ്ലൈ


റോഡിനപ്പുറമുള്ള ഗേറ്റിലെ വിലങ്ങൻ ചതുരക്കമ്പികളിൽ വീഴാൻ വെമ്പിയെന്നോണം ഒരേനിരയിൽ തൂങ്ങിനിൽക്കുന്ന വെള്ളത്തുള്ളികൾ. അതിനുമുകളിൽ ഹിതം എന്ന ഇംഗ്ലിഷ് ഇരുമ്പക്ഷരങ്ങൾ. അതിലെ A യുടെ കൂർപ്പിൽ ഒരു കൊച്ചുശലഭം അനങ്ങാതെയിരിക്കുന്നു. ആ കാഴ്ചയിൽ മുഗ്ധനായ് നിൽക്കുകയാണ് ഞാൻ. പെട്ടെന്നത് ചിറകുകൾ ഒരുവട്ടം വിടർത്തിയടച്ചു. ആ തുള്ളികളെല്ലാം ഒന്നിച്ചൊന്ന് കുടഞ്ഞുഞെട്ടി, ഒരുമാത്ര അന്തരീക്ഷത്തിൽ പിടിയില്ലാതെ നിന്നു. എന്നിട്ടൊരേപോലെ താഴേക്ക് പതിച്ചു. ധൃതിയിലെന്നവണ്ണം ഗേറ്റ് തള്ളിത്തുറന്ന് റോഡിലേക്കിറങ്ങുകയാണ്, ദേവയാനി. എനിക്കവരെ കണ്ടുപരിചയമുണ്ടെന്നേ​യുള്ളൂ. 45 വയസ്സ് മതിപ്പ്. സുന്ദരി.‌ കളർമാച്ചിങ്ങല്ലാത്ത ബ്ലൗസും സാരിയും. പെട്ടെന്നെടുത്തുടുത്തപോലൊരു ഫീലുണ്ട്. എങ്ങോട്ട് പോകണം എന്നൊരു തീരുമാനമില്ലാത്തപോലെ അവൾ ഒന്ന് നിന്നു. സാരിയുടെ മുൻവശം കൈകൊണ്ടൊന്ന് പിടിച്ചുയർത്തി ഇടത്തോട്ടും വലത്തോട്ടും നോക്കി‌. സാരിക്കടിയിൽ അടിപ്പാവാടയില്ല! തൂവെള്ള ലെഗ്ഗിങ്സ്. ഇടതുകാലിൽ കറുത്തചരട്. വലതുകാലിന്റെ രണ്ടാംവിരലിൽ വെള്ളി മിഞ്ചി. ഇരുവശത്തേക്കും കുറച്ചാശങ്കയിൽ നോക്കിയശേഷം, കൃത്യം എതിരേയുള്ള തിമോത്തിസാറിന്റെ കടയ്ക്കുമുന്നിൽ നിൽക്കുന്ന എന്നെ‌നോക്കി. ഒളിഞ്ഞുനോട്ടം പിടിക്കപ്പെട്ടവനെപ്പോൽ ഞാനൊന്നു പതറി.

ഇതെല്ലാം ആ അതിവേഗവരവിൽ ഒന്ന് പോസടിച്ചപോലെ ഒറ്റനിമിഷത്തിലാണ്. ശേഷം ദേവയാനി ഇടത്തോട്ട് ആഞ്ഞു നടന്നു. തനിക്ക് മുറുക്കാൻവേണ്ടിമാത്രം ആരെങ്കിലും മുറുക്കാൻകട ആരംഭിക്കുമോ? ഉവ്വ്! തിമോത്തിസാർ! വില്പനയുമുണ്ട്. അതു​പക്ഷേ, അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന മുറുക്ക് എന്ന കലയെ പരിപോഷിപ്പിക്കാൻമാത്രം.

ആകാശക്കാഴ്ചയിൽ ഈ കട തിമോത്തിസാറിന്റെ മൂക്ക് എന്ന് സങ്കല്പിക്കുക. മൂക്കിനുതാഴെ റ പോലെ മീശ. അതാണ് ഇരു​വശവും താഴേക്കിറങ്ങുന്ന ഈ റോഡ്. നേരിയ ചെരിവുയര​ത്തിലുള്ള സാറിന്റെ വീട് അപ്പോൾ നെറ്റി ആയി വരും. പിറകിലെ വന്മരങ്ങൾ മുടിപോലെ ഇടതൂർന്ന്. ഈ കടയാകുന്ന മൂക്കിന്റെ പാലംപോലെ, നീളത്തിൽ തെരിത് ചേടത്ത്യാരുടെ മാർബിൾ കുടീരം. രണ്ടറ്റവും വളഞ്ഞ് ഇറങ്ങിപ്പോകുന്ന റോഡാകുന്ന ഈ മീശയ്ക്ക് താഴെ കൃത്യം വായ എന്ന് സങ്കല്പിക്കാവുന്ന ചെറിയൊരു പാർപ്പിട​മുണ്ട്. ചുമരിന് ഇഷ്ടികക്കളറുള്ള ഇനിയും പണിതീർന്നില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന കെട്ടിടം. ഹിതം എന്നുപേരുള്ള, ദേവയാനി​യുടെയും ബാഹുലേയന്റെയും വീട്. അടുത്തുള്ള എയ്ഡഡ് സ്കൂ​ളിലെ പി.ടി. മാഷും സംസ്കൃതം ടീച്ചറുമാണവർ എന്ന​തൊഴിച്ചാൽ അവരെപ്പറ്റി എനിക്കു കൂടുതൽ അറിവില്ല. കാരണം ഞാനീ നാട്ടുകാരനല്ല.


Related Articles