ബോണ്ടു

Short Story

ബോണ്ടു


വെള്ളിയാഴ്ചയിലെ പ്രഭാതം ഇത്രയും സംഘർഷഭരിതമായി​ട്ടാവും തുടങ്ങുകയെന്ന് ശെൽവി സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ആറുമണിയായപ്പോഴേക്കും ദീപയുടെ വിളി വന്നു. എട്ടു മണിക്ക് ഒരാളൊരു പട്ടിക്കുട്ടിയെയുംകൊണ്ടുവരുമെന്നും അതിനെ വാങ്ങിവയ്ക്കണമെന്നും ഒരുത്തരവുപോലെയാണവൾ പറഞ്ഞത്. ‘എനിക്കു പറ്റില്ല’ എന്ന് അപ്പോൾത്തന്നെ പറഞ്ഞതാണ്. എന്നിട്ടും അവൾ കേട്ടില്ല.

“നേരത്തേ പറഞ്ഞുവച്ചതായിരുന്നമ്മേ... ഇപ്പോഴാണതിനെ കിട്ടിയത്. ഇനി വേണ്ടെന്നു പറഞ്ഞാൽ ഇതുപോലൊരെണ്ണത്തിനെ പിന്നെ എപ്പഴാ കിട്ടുകാന്നു പറയാനാവില്ല. അമ്മയ്ക്കു വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. എന്തുചെയ്യണമെന്ന് ഞാൻ പറഞ്ഞുതരാം.” അവൾ നിർബന്ധിച്ചു.

“നിന്റച്ഛനും ഇവിടെയില്ല. ഈ സമയത്ത് ഈ നാശംപിടിച്ചതിനെയൊക്കെ എന്തിനാടീ കൊണ്ടുവരാൻ പറഞ്ഞത്?”

“അങ്ങനെയൊന്നും പറയല്ലേമ്മേ, ഞാൻ പറഞ്ഞില്ലേ? മുമ്പേതന്നെ ബുക്കുചെയ്തിരുന്നതാ. പട്ടിക്കുഞ്ഞു വന്ന കാര്യം അവരു രാത്രിയിലാന്നേ വിളിച്ചു പറഞ്ഞത്. അമ്മ ഉറങ്ങീട്ടൊണ്ടാവു​മെന്നു കരുതിയാ അന്നേരം വിളിക്കാതിരുന്നത്. ഇതങ്ങനെ എപ്പഴും കിട്ടൂല്ല. അപൂർവ ഇനമാ. അതുകൊണ്ട് ഞാനതിന്റെ കാശും അന്നേരംതന്നെ കൊടുത്തു. ഇതൊക്കെ കിട്ടുന്ന സമയത്തു വാങ്ങിക്കണം. അമ്മയൊന്നും ചെയ്യണ്ട. അതിനെ വാങ്ങി കൂട്ടിലിട്ട് ഇത്തിരി പാലൊഴിച്ചു കൊടുത്താൽ മാത്രം മതി.”


Related Articles