ഇപ്പൊ എഴുതാറൊന്നുമില്ലേ എന്ന് കഴിഞ്ഞ ദിവസം ഒരു പരിചയക്കാരി ചോദിച്ചപ്പളാണ് ഒരു കാലത്തു ഞാനെഴുതാറുണ്ടായിരുന്നെന്നു എനിക്കോർമ്മ വന്നത്. രാത്രിയും പകലും ഇങ്ങനെ മാറി മാറി വരുന്നതല്ലാതെ എനിക്ക് വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ലല്ലോന്ന് അപ്പളാണോർത്തത്. മരിച്ചു പോവുന്ന ദിവസം അയ്യോ കഷ്ടമായിപ്പോയിന്ന് പറയാനെങ്കിലും ജീവിതത്തിലെത്ര പേരുണ്ടെന്ന് എണ്ണി നോക്കാൻ തോന്നിയ ആ നിമിഷത്തെ ശപിക്കണോ വേണ്ടേ ന്ന് ഇപ്പളും എനിക്കറീല. ഇങ്ങനൊരാളിവിടെ ണ്ടാർന്നു ന്നു നാളെ ആരെങ്കിലും ഓർക്കാൻ വേണ്ടീട്ടെങ്കിലും എന്തെങ്കിലും നാലക്ഷരം എഴുതി വെക്കണം ന്നു അപ്പൊ തൊട്ട് വിചാരിക്കാ.
ഇത്ര കാലം ഞാനോർത്തത് എന്നെപ്പറ്റി മാഷ് എഴുതായിരിക്കും ന്നാണ്. സ്നേഹത്തോടെ ഒരു വരിയെങ്കിലും അയാളെഴുതും ന്നും ഷേക്സ്പിയറിന്റെ sonnets പോലെ അയാളുടെ കവിതകളിലെ അജ്ഞാത പ്രണയിനിയെപ്പറ്റി വായനക്കാർ വാ തോരാതെ സംസാരിക്കുമെന്നും ഒക്കെ ഞാൻ വെറുതെ കരുതി. കഴിഞ്ഞാഴ്ച മാഷ് മരിച്ചു. വീട്ടിനുള്ളിൽ വലതു വശത്തെ എഴുത്തു മുറിയിൽ തൂങ്ങി നിൽക്കണ മാഷിനെ ആദ്യം കണ്ടത് മാഷ്ടെ ഭാര്യയാണ്. പാവം സ്ത്രീ. ഒച്ചയെടുത്തു കരയാൻ പോലും അവർക്കു പറ്റിയില്ല. വൈന്നേരം പാല് കൊണ്ട് കൊടുക്കാൻ ചെന്ന നളിനിച്ചേച്ചി വാതില് തൊറന്ന് കെടക്ക്ണത് കണ്ടു കൊറേ വിളിച്ചിട്ടും ആരും പൊറത്തു വരാതായപ്പോ ഒന്നകത്തേക്കു കേറി നോക്ക്യേതാണ്. വീണു പോവാതിരിക്കാനെന്ന പോലെ അവർ ഭർത്താവിന്റെ തൂങ്ങി നിൽക്കണ കാലിൽ ഇറുക്കിപ്പിടിച്ചു നിൽക്കണതാണ് നളിനിച്ചേച്ചി കണ്ടത്. ചേച്ചീടെ ബഹളം കേട്ട് അടുത്ത വീട്ടീന്നൊക്കെ ആൾക്കാരോടി കൂടുമ്പോ ഞാൻ ആകാശം മൂടി വരുന്ന കാർമേഘങ്ങൾ നോക്കി ഉമ്മറത്തിരിക്കായിരുന്നു. രവി സ്കൂളിൽ നിന്ന് വന്നു ലുങ്കിയെടുത്തുടുക്കാൻ മുറിയിലേക്ക് പോയതേ ണ്ടാർന്നുള്ളു. ബഹളം കേട്ട് പുറത്തേക്കു തലയിട്ട രവി കണ്ടിട്ടുണ്ടാവുക അന്തം വിട്ടു നിക്കണ എന്നെയാവും. എന്താ കാര്യം ന്നു രവി ചോദിച്ചത് എന്നോടാണോ അതോ മുന്നിലെ ഇടവഴീക്കൂടി മാഷ്ടെ വീട്ടിലേക്കോടുന്ന നന്ദേട്ടനോടാണോ ന്നു മനസിലാക്കുമ്പൾക്കും രവി ഗേറ്റ് കടന്നു ഓട്ടം തൊടങ്ങീർന്നു. സൂചിക്കുത്തു പോലെ വേദനിപ്പിച്ചു തണുത്ത മഴത്തുള്ളികൾ ശരീരം മുഴുവൻ ആർത്തു കരഞ്ഞു പതിക്കണതൊക്കെ ഏതോ രാത്രി സ്വപ്നത്തിലെന്ന പോലെ മാത്രേ ഞാനറിഞ്ഞുള്ളു. ഓടി മാഷ്ടെ വീടിനടുത്തെത്തിയപ്പോളേക്കും കണ്ടു ആൾക്കാര് കൂട്ടം കൂടി നിക്കണത്. അകത്തെന്താണ് നടക്കണത് ന്നു കാണാൻ എല്ലാരും എത്തി വലിഞ്ഞു നോക്കണത് കണ്ടു. ഒരു വിധം വീട്ടിനകത്തേക്ക് കേറിയപ്പോളേക്ക് കണ്ടു രവിയും നന്ദേട്ടനും വേറേം ആരൊക്കെയോ ചേർന്ന് കെട്ടറുത്തു മാഷെ നെലത്ത് എറക്കി കെടത്തണത്. പ്രതിമ വെച്ചത് പോലെ മാഷ്ടെ ഭാര്യ നോക്കി നിക്കുന്നുണ്ട്. ചുറ്റും നടന്നതൊന്നും അറിയാതെ ഏതോ ഒരു ബിന്ദുവിലേക്ക് മാത്രം കണ്ണ് നട്ട് ഒരേ നിൽപ്പായിരുന്നു അവർ. ഫാനിലിപ്പോളും ആ ഡബിൾ മുണ്ടിന്റെ ബാക്കി കഷ്ണം ഉണ്ട്. കറുത്ത കരയുള്ള ആ മുണ്ട്. മാഷിനെ കറുത്ത കര മുണ്ടിൽ കാണാൻ ഭംഗ്യാവും ന്നു മനസ്സിൽ വിചാരിച്ചിരിക്കുമ്പളാണ് മാഷും ഭാര്യയും വിവാഹവാർഷികം ആഘോഷിക്കാൻ തീരുമാനിക്കണത്. ഒരു വൈന്നേരം ചെടി നനയും അടിച്ചു വാരലും ഒക്കെ കഴിഞ്ഞു മേല് കഴുകാൻ നിക്കുമ്പളാണ് മാഷും ഭാര്യേം കേറി വന്നത്.
"രവി ല്ലേ ഇവിടെ?"
