നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ്മ കാണും, തൃശ്ശൂരിലെ ബെസ്റ്റ് പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തെ. അത് അറുപത്-എഴുപതുകളില്‍ വെറുമൊരു അച്ചടിശാല ആയിരുന്നില്ല, ഒരു സാംസ്‌കാരിക സ്ഥാപനംതന്നെ ആയിരുന്നു. എഴുത്തുകാരുടെയും ചിന്തകരുടെയും സഹൃദയരുടെയും ഒരു നിത്യസംഗമസ്ഥാനം. ജ്വാല, പ്രസക്തി മുതലായ ചെറുമാസികകള്‍ അവിടെയാണ് അച്ചടിച്ചിരുന്നത്. സ്വതന്ത്രമണ്ഡപം എന്ന ഒരു സായാഹ്ന പത്രവും അവിടെ അച്ചടിച്ചിരുന്നു. പ്രസ്സുടമ പി. കെ. എ. റഹീമിന്റെ സഹോദരന്‍ മുഹമ്മദ് കുഞ്ഞിയാണ് അത് ഇറക്കിയിരുന്നത്. രാവിലത്തെ പത്രം കഴിഞ്ഞുവരുന്ന റേഡിയോവാര്‍ത്തകളായിരുന്നു അതിന്റെ പ്രധാന ആശ്രയം. പിന്നെ ചില പ്രാദേശിക വാര്‍ത്തകളും ഒരു മുഖപ്രസംഗവും.
മുപ്പതു വര്‍ഷം ഡല്‍ഹിയില്‍ കഴിച്ചു തിരിച്ചുവരുമ്പോള്‍ ആ പ്രസ്സ് ഇരുന്ന പടിഞ്ഞാറേ കോട്ടയില്‍ അതില്ല. എന്നുമെന്നപോലെ എനിക്ക് വടൂക്കരയിലെ വീട്ടില്‍നിന്ന് തൃശ്ശൂര്‍ പോകാന്‍ അതിലേ ഹതാശനായി കടന്നുപോകേണ്ടി വരാറുണ്ട്. എന്നും ഞാന്‍ ആ പ്രസ്സ് നിന്നിരുന്ന സ്ഥലത്തേക്ക് വെറുതേ കണ്ണോടിക്കും.
