കുറച്ചുവര്‍ഷം മുമ്പാണ്. ഞാനന്ന് പത്താം ക്ലാസില്‍. ചേച്ചി ബോട്ടണി മൂന്നാം വര്‍ഷം. കോളേജില്‍ ചേര്‍ന്നതില്‍പ്പിന്നെ ചേച്ചി ഹോസ്റ്റലിലാണ്. അന്ന് ഞാന്‍ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ചേച്ചിയുണ്ട് വീട്ടില്‍. ജിലേബിപ്പൊതി തുറന്ന് മുന്നില്‍വെച്ചിട്ട് എന്നോട് തിന്നെന്നു പറഞ്ഞു. എണ്ണിയെണ്ണി തിന്നുമ്പോള്‍ എണ്ണത്തില്‍ മുന്നിലെത്താനുള്ള ആവേശമൊന്നും ചേച്ചിക്ക് അന്നുണ്ടായിരുന്നില്ല. ഏതോതരം സന്തോഷത്തിന്റെ സൂചനയുണ്ടായിരുന്നു പെരുമാറ്റത്തില്‍.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചേച്ചി പറഞ്ഞു: 'ഞാനത് ഒഴിവാക്കി.'
'എന്ത്?' ഞാന്‍ ചോദിച്ചു.
'അവനെ...' ചേച്ചി പറഞ്ഞു.
ചേച്ചിക്കൊരു പ്രേമമുണ്ട്. പ്രേമിക്കുന്ന ആളെ എനിക്കറിയാം. സുന്ദരനാണ്. നല്ലവനും. ഞങ്ങള്‍ മൂന്നുപേരും കൂടി രണ്ടോ മൂന്നോ സിനിമകള്‍ക്ക് പോയിട്ടുണ്ട്. ബീച്ചിലും പാര്‍ക്കിലും പോയിട്ടുണ്ട്. ഒന്നിച്ച് ഐസ്‌ക്രീം കഴിച്ചിട്ടുണ്ട്. അച്ഛനും അമ്മയും ചേച്ചിയും വിളിക്കുന്ന പേരാണ് ചേച്ചിയുടെ പ്രേമവും എന്നെ വിളിക്കാറുള്ളത്.
'എന്തിനാ ഒഴിവാക്കിയത്?' ഞാന്‍ ചോദിച്ചു.
'വല്ലാത്ത സംശയം...' ചേച്ചി പറഞ്ഞു
'ആര്‍ക്ക്?'
'എനിക്ക്...'
'എങ്കില്‍ പിന്നെ സംശയം മാറ്റിയാല്‍ പോരായിരുന്നോ...'
'അതു പറ്റാഞ്ഞിട്ടാണ്...'
'അതുശരി... അപ്പോ മനുഷ്യരെ ഒഴിവാക്കാനാണല്ലേ എളുപ്പം...'
'ചിലപ്പോ അതങ്ങനെയാ...'
