ഒളിവില്‍നിന്ന് ഒളിവിലേക്ക്

Short Story

ഒളിവില്‍നിന്ന് ഒളിവിലേക്ക്


പറയാനുള്ളത് മുഴുവന്‍ എഴുതാന്‍ സാധിക്കുമോ എന്നെനിക്കു നിശ്ചയമില്ല. എന്തെന്നാല്‍ എന്റെ കൈയിലുള്ളത് ഒരു ചെറിയ കുറ്റി പെന്‍സിലും നാലു കീറക്കടലാസുകളും മാത്രമാണ്. എനിക്കഭയം നല്കിയ കര്‍ഷകകുടുംബത്തിലെ ബാലന്‍ തന്റെ മുഷിഞ്ഞ നോട്ടുബുക്കില്‍നിന്ന് ഇത്രയും താളുകള്‍ പിച്ചിച്ചീന്തി തന്നു. പെന്‍സില്‍ അവന് പരീക്ഷാകാലത്തോളം അതിനിനിയും ആറുമാസമുണ്ട് എഴുതാനുള്ളതാണ്. പൊട്ടവിളക്കു പുകഞ്ഞു കത്തുന്നു. മണ്ണെണ്ണ തീര്‍ന്നിരിക്കാം. പാവങ്ങള്‍--ആഴ്ചയില്‍ അരക്കുപ്പിയേയുള്ളൂ അവര്‍ക്ക് റേഷന്‍. അതുപോലും വാങ്ങുവാന്‍ കാശില്ല. എന്നാലും കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയില്‍ പശിയും ദാഹവും സഹിക്കാതെ പെരുവഴിയില്‍ വീണുപോയ ഒരു തെണ്ടിക്കു വേണ്ടി അവര്‍ തങ്ങളുടേതായ സര്‍വസ്വവും സമര്‍പ്പിക്കുന്നു. ആ തെണ്ടിയുടെ വീടോ നാടോ അവന്‍ എത്തരക്കാരനെന്നുപോലുമോ അറിയാതെ...നിഷ്‌കളങ്കമായ ഈ ധീരതയ്ക്കു മുന്നില്‍ ഞാന്‍ ഭീരുവായിപ്പോവുന്നു. ഞാന്‍ പരുഷഹൃദയനായ ഞാന്‍ പേടിയറിയാത്ത ഞാന്‍. വാതിലില്‍ ഓരോ മുട്ടു കേള്‍ക്കുമ്പോഴും ഹൃദയം കിടുകിടുക്കയാണ്. അപരിചിതമായ ഓരോ കാല്‍പ്പെരുമാറ്റത്തിലും ശബ്ദങ്ങളിലും. എന്നെപ്പറ്റിയോര്‍ത്തല്ല, നിരപരാധികളായ ഈ സാധുമനുഷ്യരുടെ അപകടത്തെപ്പറ്റി ചിന്തിച്ച്. അവരോര്‍ത്തിരിക്കുമോ? സ്വപ്നംതന്നെ കണ്ടിരിക്കുമോ? ഇരുളടഞ്ഞ ഈ ചെറുകുടിലിന്റെ പിറകിലുള്ള ചായ്പില്‍ പകല്‍ മുഴുവന്‍ മൂളിയും ഞരങ്ങിയും രാത്രി നെടുവീര്‍പ്പിട്ടും കഴിഞ്ഞുകൂടുന്ന ഈ രോഗിയായ 'നല്ല ചെറുക്കന്‍' ഒരു രാഷ്ട്രീയ നോട്ടപ്പുള്ളിയാണെന്ന്. ഈ മെലിഞ്ഞ ശരീരത്തെ ചൂണ്ടിയ വിരലിന് ഓരായിരം ബ്രിട്ടീഷ്... ഓ അല്ല, ഇപ്പോള്‍ ഇന്ത്യന്‍ തലവെച്ച വെള്ളിരൂപാ ഇനാമുണ്ടെന്ന്. ഓരായിരം രൂപാ... ഇന്ത്യയെപ്പോലെയുള്ള ഒരു പഞ്ഞംപിടിച്ച രാജ്യത്തിന് അതെത്ര വലിയ തുകയായിരിക്കും.

രഹസ്യപ്പോലീസുകാര്‍ നാലുപാടും തിരയുന്നുണ്ട്. അവര്‍ക്ക് ഒറ്റുകാരുമുണ്ടാവും. എന്തെങ്കിലുമൊരു സൂചന കിട്ടിയാല്‍ മതി... അതിനുമുമ്പ് നേരിട്ടു ചെന്നങ്ങു പിടികൊടുത്താലോ...ഓ, പാടില്ല. എങ്കില്‍പ്പിന്നെ എന്തിനാണ് ഇത്രനാള്‍ ഒളിവിലിരുന്നത്. അറസ്റ്റ് വാറണ്ടുണ്ടെന്ന് മുന്നറിയിപ്പു കിട്ടിയ ദിവസം. അതിനുമുമ്പുതന്നെ അറിയാമായിരുന്നു അങ്ങനെയൊന്നുണ്ടാവുമെന്ന്. നിരോധിക്കപ്പെട്ട ആ മീറ്റിങ്ങില്‍ പ്രസംഗിക്കാന്‍ കയറിയത് ഒരു വെല്ലുവിളിയോടെയായിരുന്നല്ലോ. നിരോധിക്കപ്പെട്ടതുകൊണ്ടുതന്നെയായിരിക്കണം അത്രയധികം ജനക്കൂട്ടം കൂടിയതും. ഭൂതകാലത്തിന്റെ നിരവധിയായ ക്ലേശമുദ്രകളോടെ വര്‍ത്തമാനയുഗത്തിന്റെ ആവേശത്തോടെ ഭാവിക്കുവേണ്ടിയുള്ള പ്രതീക്ഷകളോടെ ആ തിളച്ചുമറിയുന്ന മനുഷ്യമഹാസമുദ്രത്തിനു മുന്നില്‍ ഒരു സജീവചിഹ്നം നിന്നു. അത് ഞാനല്ലായിരുന്നു. എന്നെയും അവരെയും ഒന്നുചേര്‍ത്ത കാലത്തിന്റെ സര്‍വശക്തമായ ഒരാദര്‍ശ ചിഹ്നമായിരുന്നു. പറയുവാനും കേള്‍ക്കുവാനും ഒന്നേയുള്ളു. അറിയുവാനും പ്രവര്‍ത്തിക്കുവാനും ഒന്നേയുള്ളു. അങ്ങനെ ആ മൂകഹൃദയങ്ങളില്‍ അലതല്ലുന്ന വികാരവായ്പിന്റെ ഉച്ചഭാഷിണിയായി ഞാന്‍. ബഹുസഹസ്രം നയനങ്ങള്‍ എന്നില്‍ പതിഞ്ഞു. ബഹുസഹസ്രം ശ്രവണങ്ങള്‍ എന്റെ വാക്കു ശ്രദ്ധിച്ചു. ബഹുസഹസ്രം ഹൃദയങ്ങള്‍ ഉണര്‍ന്നു തുടിച്ചു. എന്റെ വ്യക്തിത്വത്തെയും എന്നെത്തന്നെയും മറന്നു ഞാന്‍ സംസാരിച്ചിരിക്കണം. അങ്ങനെ ആ പരമമായ മുഹൂര്‍ത്തത്തിലാണ് ഒരു ശബ്ദം പിറകില്‍ മന്ത്രിച്ചത്:


Related Articles