രാമകൃഷ്ണന് ജന്മനാ ഒരു ശുഭാപ്തിവിശ്വാസി ആയിരുന്നു. താന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നത് പഠിക്കും എന്നും എത്തേണ്ടിടത്ത് എത്തും എന്നും അഞ്ചുവയസ്സ് മുതലെങ്കിലും അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. വസന്തത്തില്‍ പൂക്കള്‍ വിരിയുമെന്നും വര്‍ഷത്തില്‍ പുഴ നിറയുമെന്നും വേനലില്‍ വെയിലിനു നിലാവിന്റെ ഭംഗിയുണ്ടാകുമെന്നും ശരത്കാലത്ത് കൊഴിയുന്ന ഇലകള്‍ പൂക്കളായി തിരിച്ചുവരുമെന്നും അമാവാസി പൌര്‍ണ്ണമിയുടെയും കലഹം പ്രണയത്തിന്റെയും തോല്‍വി ജയത്തിന്റെയും മുന്നോടിയാണെന്നും രാമകൃഷ്ണന് സംശയമേതുമില്ലായിരുന്നു. അതുകൊണ്ട് അയാള്‍ ഓരോ തോല്‍വിയിലും ആഹ്ലാദിച്ചു; ഓരോ അപമാനവും ആസ്വദിച്ചു. മറ്റുള്ളവര്‍ ഒരു പ്രതീക്ഷയും കാണാത്തിടത്തും അയാള്‍ വിദൂരമായ പ്രത്യാശ കണ്ടു. ഏകാധിപത്യം പിടി മുറുക്കുമ്പോഴും ജനാധിപത്യം പിറകേ ഉണ്ടെന്നും അസമത്വം വര്‍ദ്ധിക്കുമ്പോള്‍, സമത്വം കൂടുതല്‍ അടുത്തുവരികയാണെന്നും അയാള്‍ കരുതി. നാലഞ്ചു സംശയാലുക്കള്‍ ഒഴിച്ചാല്‍ നാട്ടുകാര്‍ക്കും അയാളെ ഇഷ്ടമായിരുന്നു, അന്ധകാരത്തിലെ പ്രകാശകിരണം എന്നാണു സ്വാഗതപ്രസംഗകര്‍ അയാളെ വിശേഷിപ്പിച്ചത്. "അതാ, ചക്രവാളത്തിലേയ്ക്ക് നോക്കൂ' എന്ന് അയാള്‍ പ്രസംഗവേദിയില്‍ നിന്ന് പറയുമ്പോഴേക്കും ശ്രോതാക്കള്‍ ദൂരേയ്ക്ക് നോക്കി. അവിടെ ഇരുട്ട് കണ്ടാലും സൂര്യോദയം പിറകില്‍ നടക്കുകയാണെന്ന് അവര്‍ വിശ്വസിച്ചു.
രാമകൃഷ്ണന്‍ വിവാഹം കഴിച്ചതും ഇതേ ശുഭാപ്തിവിശ്വാസവുമായാണ്. പ്രഭാഷകന്‍ എന്ന നിലയ്ക്ക് അയാള്‍ക്ക് വളരെ ഇഷ്ടമുള്ളൊരു വാക്കായിരുന്നു "ഗര്‍ഭം'. രാത്രി പകലിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു, ഫാസിസം മാറ്റത്തെ ഗര്‍ഭം ധരിച്ചിരിക്കുന്നു, ചൂഷണം വര്‍ഗ്ഗരഹിതസമൂഹത്തെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നെല്ലാം അയാള്‍ ഇടയ്ക്കിടയ്ക്കു പറയുമായിരുന്നു. അതുകൊണ്ട്, അയാളുടെ പത്‌നി രമണി ഗര്‍ഭം ധരിച്ചപ്പോള്‍ അയാളുടെ ആ നാലഞ്ചു വിമര്‍ശകര്‍ പരിഹസിക്കാതിരുന്നില്ല. പക്ഷെ രാമകൃഷ്ണനെ അതൊന്നും ബാധിച്ചില്ല. ആണ്‍മക്കളെ മാത്രം സ്വപ്നം കാണുന്ന എല്ലാ കേരളീയരെയുംപോലെ, അയാളും തന്റെ മകന്‍ പിറക്കുന്ന ദിവസം കാത്തിരുന്നു. ആ മകന്‍ പിറക്കുകതന്നെ ചെയ്തു, പക്ഷെ പിറന്നയുടന്‍ കുട്ടി പെണ്ണായി മാറി. അപ്പോഴും അവളിലൂടെ തന്റെ തലമുറകള്‍ ലോകം മുഴുവന്‍ വ്യാപിക്കുന്നത് രാമകൃഷ്ണന്‍ സ്വപ്നം കണ്ടു. അവളെ "മോനേ' എന്നാണു അയാള്‍ എപ്പോഴും വിളിച്ചതെങ്കിലും.
