വേനലവധി തീരാൻ പോകുന്നു. പുസ്തകങ്ങളുടെ ഭാരവും സ്‌കൂളിൽ പോകുമ്പോഴുള്ള മരവിപ്പും അനന്തനെ ആകുലപ്പെടുത്താൻ തുടങ്ങി. മുഷിഞ്ഞ യൂണിഫോമിൻ്റെ മണം അവന്റെ മൂക്കിലേക്ക് തുളച്ചുകയറി. ആഘോഷകരമായ ഉറക്കങ്ങൾ അവസാനിച്ചിരിക്കുന്നു. രണ്ട് മാസക്കാലത്തെ പരോൾ കഴിഞ്ഞ് ജയിലിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന കുറ്റവാളിയെപോലെ അവൻ അവസാനത്തെ അവധിദിവസങ്ങൾ തള്ളിനീക്കി. രണ്ടാം ക്ലാസ്സുകാരനായി കയറ്റം കിട്ടിയ അനന്തൻ ഇപ്പോഴും വിദ്യാലയത്തിൻ്റെ ചിട്ടവട്ടങ്ങളുമായി ഇണങ്ങിയിട്ടില്ല. അച്ഛൻ്റെ കുടുംബസ്വത്തായ പാടങ്ങളിൽ വന്നിരിക്കാറുള്ള ദേശാടനക്കിളികളെപ്പോലെ അവൻ ക്ലാസ്സുമുറിയെ ഒരു താത്കാലിക കൂടായി മാത്രം കണ്ടു.
ഉച്ചവെയിൽ മുറിയെ ആവിപിടിപ്പിച്ചു. കുക്കറിന്റെ വിസിലടിച്ചപ്പോൾ വെന്ത തക്കാളിമുഖവുമായി അനന്തൻ വിയർത്തുനനഞ്ഞ് എഴുന്നേറ്റു. നീണ്ടുചുരുണ്ട മുടിയുടെ കുറേ ഇഴകൾ തലയിണയിൽ ഒട്ടിപ്പിടിച്ചിരുന്നു. ചായ കുടിച്ചുകഴിഞ്ഞപ്പോഴേയ്ക്കും ബാലൻ മാമൻ വന്നു. മാമൻ്റെ കയ്യിൽ നല്ല നീളമുള്ള തോക്കുണ്ട്. സുഹൃത്തുക്കൾ എല്ലാവരും ഒത്തുകൂടുന്ന ദിവസം മാമൻ തോക്കുമായി പാടത്തേക്ക് പോകും. പിന്നെ വീട്ടിലിരുന്നാൽ വെടി പൊട്ടുന്ന ശബ്ദം കേൾക്കാം. അനന്തൻ ഓടിവന്ന് ഇറയത്ത് നിൽക്കും. ചോരയിൽ കുളിച്ച വെളുത്ത കൊക്കിനെ മാമൻ വീട്ടിലേക്ക് കൊണ്ടുപോകും. വീടിൻ്റെ മുന്നിലെത്തുമ്പോൾ ഒടിഞ്ഞുതൂങ്ങിയ കഴുത്തിൽ പിടിച്ചുപൊക്കി അയാൾ ആ ചത്ത ജീവിയെ അനന്തന് കാണിച്ചുകൊടുക്കും. മുറ്റത്ത് വീഴുന്ന ചോരപ്പാടുകൾ അമ്മ രാവിലെ അടിച്ചുവാരി വൃത്തിയാക്കും.
മാമൻ്റെ കൂടെ അനന്തൻ പാടത്തേക്ക് പോയി. തൻ്റെ പ്രിയപ്പെട്ട സൈക്കിൾ ടയർ വടികൊണ്ട് അടിച്ചടിച്ച്, വീടിന്റെ മുന്നിൽ തളിർത്തുനിൽക്കുന്ന കറുകച്ചെടിയുടെ നേരെ അതേ വടി ആഞ്ഞുവീശി അവൻ ഓടി. ബാലൻ മാമൻ മുൻപേ നടന്നു. കുറച്ചുകഴിഞ്ഞ് അയാൾ വലിയ ഒരു മാവിൻ്റെ ചുവട്ടിൽ നിന്നു. പിന്നാലെ വന്ന അനന്തൻ അവിടെ ചമ്രം പടിഞ്ഞിരുന്നു. ഒരു വലിയ വെള്ളമേഘം പാടത്ത് വീണുകിടക്കുന്നത് പോലെ ദൂരെ കൊക്കുകളുടെ ഒരു കൂട്ടത്തെ കാണാം. ബാലൻ മാമൻ തോക്ക് ചൂണ്ടി ഉന്നം പിടിച്ചു. വെട്ടി പൊട്ടി. അനന്തൻ്റെ കൈയിലുണ്ടായിരുന്ന വറുത്ത പുളിങ്കുരു പുല്ലിൽ തെറിച്ചുവീണു. "കൊക്ക് വീണോ”? പുളിങ്കുരു പെറുക്കിയെടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു. ബാലൻ ഇല്ലെന്ന് തലയാട്ടി. കൊക്കുകൾ പറന്നകന്നു. ബാലൻ ആളൊഴിഞ്ഞ പാടത്തെ കോലത്തിന് കാവലിരുന്നു. പിന്നെ കുറേ നേരം അനന്തരവനും മാമനും പുളിങ്കുരു ചവച്ച് പല്ല് കറുപ്പിച്ചുകൊണ്ടിരുന്നു.
