ആക്രി

Short Story

ആക്രി


പ്രിയപ്പെട്ട പ്രതാധിപർ,

ഓരോ തീവണ്ടിയാത്രയിലും റെയിൽവേവകുപ്പ് നിരന്തരം ശുഭ​യാത്ര നേരുന്നു. എങ്കിലും തീവണ്ടിദുരന്തങ്ങൾ സർവ്വസാധാരണമായ ഇക്കാലത്ത് അവയെ മാറ്റിനിർത്തി യാത്രചെയ്യുക അസാധ്യമായിരിക്കുന്നു. എന്റെ ഈ കത്തിന്റെ തുടക്കം ഈവിധം സാഹിത്യപരമായിപ്പോയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനാറാം തീയതി താങ്കളുടെ പത്രത്തിൽ അരു​വാന്നൂർ യോഗേഷ് എഴുതിയ പോലീ​സ് ഭീകരതയെപ്പറ്റിയുള്ള കത്ത് പത്ര​ത്തിന്റെ പ്രാധാന്യമുള്ള ഭാഗത്ത് ചേർ​ത്ത താങ്കൾ, അതേ ദിവസം തന്നെ പത്രത്തിന്റെ ഓണംകേറാമൂലയിൽ, ചേർത്ത മടക്കൈ ടി.പി രമേശ് എഴു​തിയ തീവണ്ടിദുരന്തങ്ങളെ പ്പറ്റിയുള്ള കത്തും ഉൾപ്പെടുത്തുകയുണ്ടായല്ലോ. ഇവരണ്ടും വായിച്ചപ്പോൾ, കൊടുംകാലവർഷത്തിൽ ഞാൻ നടത്തിയ ചെന്നൈ-മഞ്ചേശ്വരം തീവ​ണ്ടിയാത്രയെപ്പറ്റി ഓർത്തുപോയി. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റമായ കാസർകോടിനും വടക്കുള്ള മഞ്ചേശ്വരത്തുകാരനായ ഒരു ഗുജ്‌രി​പ്പണിക്കാരനാണ് ഞാൻ. ഗുജ്‌രി എന്നാൽ ഇവിടെ ആക്രിക്ക് കന്നഡയിൽ പറയുന്ന വാക്കാണ് എന്ന് ആദ്യമേ പറയട്ടെ.

ആക്രി ഇന്ന് എല്ലായിടത്തുമുണ്ട്. പണച്ചാക്കുകളായ സർവ്വരാജാക്കന്മാർക്കും സർവ്വരാജ്യതൊഴിലാളികൾക്കും ഏകാധിപതികളായ രാഷ്ട്ര​ത്തലവന്മാർക്കും ഇന്ന് ആക്രി ആവ​ശ്യമാണ്. ഞാനീ ആക്രിപ്പണി തുട​ങ്ങിയിട്ട് വർഷം1 ഇരുപത്തിയഞ്ചായി. കോളേജ്പഠനം കഴിഞ്ഞ് ഒരു ജോലിക്കായി മംഗലാപുരത്തു പോയതാണ്. എല്ലാവരും ഗൾഫിലേക്ക് ഉന്തിത്തള്ളുമ്പോൾ ഞാൻ നാട്ടി​ൽതന്നെ ഒരു ചെറിയ ജോലി എന്നേ ആഗ്രഹിച്ചുള്ളൂ. മംഗലാപുരത്ത് ധാരാളം മെഡിക്കൽലാബുകളുണ്ട്. കാരണം അത്രത്തോളം അധികം രോഗം നാട്ടിലുമുണ്ട്. അതിലൊക്കെ പണിയും ഉണ്ട്. കന്നഡ അറിയുന്നവർക്കു ജോലി ഉറപ്പുമാണ്. നിർഭാഗ്യവശാൽ ലാബിലെ ജോലിക്കുവേണ്ട ഡിഗ്രിയൊന്നും എനിക്കില്ലായിരുന്നു. കന്നഡ അറിയാം എന്നതുമാത്രമാണ് കൈമുതൽ. കാസർകോട്ടെ മുട്ട​ത്തൊടിക്കാരനായ, മലയാളം സംസാരിക്കുന്ന ഞാൻ, രണ്ട് ഇന്റർ​വ്യൂകൾ കഴിഞ്ഞ് നിരാശനായി മൂന്നാമത്തെ ലാബ് നോക്കി ഹമ്പൻ കട്ടയിലൂടെ നടന്നുപോകുമ്പോൾ ഒരു വലിയ ചാക്കുകെട്ടുമായി ഒരു കുടവയറൻ മുന്നോട്ടുപോകാൻ കഴി​യാതെ ചുമലിൽനിന്ന് തലയിലേക്കും തലയിൽനിന്ന് ചുമലിലേക്കും ചാക്കു​കെട്ടിനെ തൊട്ടിലാട്ടിക്കൊണ്ട് നട്ടം​തിരിയുന്നത് കണ്ടു. പൊതുവേ അനുകമ്പാഹൃദയനായ ഞാൻ അയാളെ സഹായിക്കാനായി ആ ചാക്കുകെട്ട് എന്റെ തലയിലെടുത്തുവെച്ചു. അതയാൾക്ക് ചെറമ്പ്2 പിടി​ച്ചു. അയാൾ കന്നഡയിൽ സംസാരിക്കാൻ തുടങ്ങി. ‘‘നന്ന ഹെസറു തിമ്മണ്ണഭട്ട്. നിമ്മ ഹെസ​റേ​നു?’’3 മൊട്ടത്തടിക്കാരനായതുകൊണ്ട് എനിക്ക് കന്നഡയും തുളുവും ബ്യാരിയും കൊങ്കണിയും ഉറുദു​വും നന്നായി മനസ്സിലാകും. ഞാൻ ഉടനേ മറുപടി പറഞ്ഞു: “നന്ന ഹെസറു ബടുവൻകുഞ്ഞി.’’


Related Articles