ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാങ്കേതികവിദ്യയുടെ യുഗമാണ്. ഹ്യൂമനിസ്റ്റ് പരിപ്രേക്ഷ്യത്തിൽ നിന്ന് പോസ്റ്റ് ഹ്യൂമൻ കാഴ്ചപ്പാടിലേക്കുള്ള മാറ്റം അതിന്റെ പരകോടിയിലെത്തുന്നത് ഈ നൂറ്റാണ്ടിലാണ്. മനുഷ്യൻ ടെക്നോളജിയേയും ടെക്നോളജിയിലൂടെ യന്ത്രങ്ങളെയും സൃഷ്ടിച്ചിരുന്ന കാലത്തു നിന്നും ടെക്നോളജിയും അതിന്റെ തന്നെ ഉപോല്പന്നങ്ങളായ യന്ത്രങ്ങളും ചേർന്ന് മനുഷ്യനെ നിയന്ത്രിക്കുന്ന നിർമ്മിതബുദ്ധിയുടെ കാലത്തേക്ക് ലോകം കടന്നിരിക്കുന്നു. ഇങ്ങനെയൊരു മാറ്റം മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൂടുതൽ ആഴത്തിലും പരപ്പിലും ചിന്തിക്കാൻ സാമൂഹ്യ-രാഷ്ട്രീയ-തത്ത്വചിന്താ രംഗങ്ങളിലെ ഗവേഷകരെയും പണ്ഡിതരെയും പ്രേരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം എന്ന ചിന്താപദ്ധതി. സാങ്കേതികവിദ്യയുടെ സ്വഭാവത്തെക്കുറിച്ചും അതിന്റെ വലിയ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ചിട്ടയായും ക്രമാനുഗതവുമായ നിരീക്ഷണങ്ങളെ കേന്ദ്രീകരിക്കുന്ന തത്ത്വചിന്തയുടെ ഒരു ശാഖയാണ് സാങ്കേതികവിദ്യയുടെ തത്ത്വശാസ്ത്രം. സാങ്കേതികവിദ്യയുടെ നൈതികത, ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം, മനുഷ്യനും സാങ്കേതികോപകരണങ്ങളും തമ്മിലുള്ള ബന്ധങ്ങൾ, സാങ്കേതികവിദ്യയുടെ രാഷ്ട്രീയ - സാമൂഹ്യ മാനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
