പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ മനഃശാസ്ത്രപരമായ തലങ്ങൾ അന്വേഷിക്കുന്ന സാമൂഹിക-ബൗദ്ധികരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റമാണ് പാരിസ്ഥിതികമനഃശാസ്ത്രം (Ecopsychology). അന്തർവൈജ്ഞാനികരംഗത്തുണ്ടായ പുരോഗതി പരിസ്ഥിതിവിജ്ഞാനത്തെയും മനഃശാസ്ത്രത്തെയും തമ്മിൽ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ് ഇത്തരമൊരു വിജ്ഞാനശാഖ രൂപപ്പെട്ടിട്ടുള്ളത്. പരിസ്ഥിതിയിൽനിന്ന് മനുഷ്യൻ അകലുന്നതിന് സാമൂഹികവും സാംസ്‌കാരികവുമായ കാരണങ്ങൾക്കു പുറമെ മനഃശാസ്ത്രപരമായ തലങ്ങളുമുണ്ടെന്ന് വ്യക്തമാക്കുകയാണ് പാരിസ്ഥിതിക മനഃശാസ്ത്രം ചെയ്യുന്നത്. അടിച്ചമർത്തപ്പെട്ട ലൈംഗികത പെരുമാറ്റവൈകല്യമായും മനോരോഗമായും പ്രത്യക്ഷമാകുന്നുവെന്ന ക്ലാസിക്കൽ മനഃശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനു മാറ്റം സംഭവിക്കുന്നു. ലൈംഗികതയോടൊപ്പം വ്യവസായവികാസവും ഉപഭോഗസംസ്‌കാരവും വാണിജ്യയുക്തികളുമൊക്കെ പലതരം അടിച്ചമർത്തലുകൾക്കും സമ്മർദ്ദങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവാണ് ഇവിടെയെത്തുമ്പോൾ ഉണ്ടാകുന്നത്. അതിനാൽ സമൂഹത്തെയും സംസ്‌കാരത്തെയും പുനർനിർവചിക്കുകയും പുനർഭാവനയ്ക്കു വിധേയമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന ദർശനത്തിൽ പാരിസ്ഥിതികമനഃശാസ്ത്രജ്ഞർ എത്തുന്നു. അങ്ങനെ വ്യക്തിക്കു സ്വയം മാനസികസൗഖ്യം നേടാനുള്ള വഴിയെന്ന നിലയിലാണ് പാരിസ്ഥിതികമനഃശാസ്ത്രം വിഭാവന ചെയ്യപ്പെടുന്നത്.
ചികിത്സാശാസ്ത്രം, വിശകലനോപാധി എന്നിങ്ങനെ രണ്ടു വിധത്തിൽ ഈ വിഷയത്തെ സമീപിക്കാവുന്നതാണ്. മനോരോഗചികിത്സയിൽ പരിസ്ഥിതിദർശനം ഉപയോഗിക്കുകയാണ് ആദ്യ തലത്തിൽ നടക്കുന്നത്. രണ്ടാമത്തേതിൽ പരിസ്ഥിതി പ്രശ്‌നങ്ങളിൽ മനഃശാസ്ത്രപരമായ സിദ്ധാന്തങ്ങൾ സ്വീകരിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നു. അതായത് ചികിത്സാശാസ്ത്രമെന്ന നിലയിലും പരിസ്ഥിതിയോടുള്ള മനുഷ്യസമീപനങ്ങളുടെവിശകലനമെന്ന നിലയിലും പാരിസ്ഥിതികമനഃശാസ്ത്രം സ്വീകരിക്കപ്പെടുന്നു. മാനവികവിഷയങ്ങളുടെ പഠനത്തിൽ രണ്ടാമത്തെ സരണിയിലുള്ള സമീപനത്തിനാണ് പ്രാധാന്യം. എന്നാൽ രണ്ടു സമീപനങ്ങളും മനുഷ്യന്റെയും പരിസ്ഥിതിയുടെയും മാനസികസൗഖ്യം യാഥാർത്ഥ്യമാക്കുകയെന്ന തലത്തിൽ യോജിക്കുകയും ചെയ്യുന്നു.
സ്വാഭാവികലോകത്തെ അറിയാനും അനുഭവിക്കാനും പ്രേരിപ്പിച്ചുകൊണ്ട് ഗുണപരമായ പരിവർത്തനം പ്രോത്സാഹിപ്പിക്കുകയാണ് പാരിസ്ഥിതികമനഃശാസ്ത്രജ്ഞർ ചെയ്യുന്നത്. സമ്മർദ്ദങ്ങൾ കുറയ്ക്കുക, വൈകാരികമായ സ്തംഭനാവസ്ഥ സന്തുലിതമാക്കുക, ലഹരികളുടെ അടിമത്തത്തിൽനിന്നു സ്വയം മോചിതരാവുക, ആത്മവിശ്വാസം നേടുക, ആത്മീയവികാസം സാധ്യമാക്കുക എന്നിവയൊക്കെ ചികിത്സാപദ്ധതിയുടെ ഭാഗമാണ്. സ്വാഭാവികമായും ഈ ചികിത്സാപദ്ധതിയുടെ ഭാഗമാകുന്നവർ ഉപഭോഗപരത, ഭൗതികചിന്ത, പരിസ്ഥിതിയുടെ മേലുള്ള ആധിപത്യപ്രവണതകൾ എന്നിവയിൽ വിമർശനാത്മകബോധം ഉള്ളവരാവുകയും അവയെ പ്രതിരോധിക്കാൻ സ്വയം പ്രാപ്തി നേടുകയും ചെയ്യുന്നു. വ്യക്തി വ്യാപരിക്കുന്ന പരിസ്ഥിതിയുമായി സ്വന്തം മനസ്സിനെ ചേർത്തുവച്ചുകൊണ്ട് മനസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.
