നീല മരണങ്ങൾ

Science

നീല മരണങ്ങൾ


ദിമകാലംമുതൽതന്നെ രോഗങ്ങൾ മനുഷ്യനെ അലട്ടിയിരുന്നതിനാൽ രോഗചികിത്സയ്ക്കായി വിവിധ വസ്തുക്കളും രീതികളും പരീക്ഷിച്ചുവന്നിരുന്നു. ഇന്ത്യ, ചൈന, ഗ്രീസ്, സുമേരിയ ഇവിടെയെല്ലാംതന്നെ ഔഷധശാസ്ത്രത്തോടൊപ്പം വിഷശാസ്ത്രവും (Toxicology‑) വിഷവൈദ്യവും കാലികമായി പരിഷ്‌കരിക്കപ്പെട്ടു. ഭക്ഷ്യവിഷബാധയും രോഗബാധയും തിരിച്ചറിയാൻ പ്രയാസമാണെന്ന അറിവും ഉണ്ടായിരുന്നു. സാന്ദർഭികമായാവാം പല കൊടിയ വിഷങ്ങളും കണ്ടെത്തിയിരുന്നത്. പിന്നീട് അത് വേട്ടമൃഗങ്ങളെയും ശത്രുക്കളെയും കൊല്ലാനായി ഉപയോഗപ്പെടുത്തി. വിഷങ്ങളെപ്പറ്റിയുള്ള അറിവ് സാമൂഹികപദവിയും ധനസ്ഥിതിയും ഉയർത്തി. മനുഷ്യകഥയെന്നാൽ എന്തിനെയും വെട്ടിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമത്തിന്റെയും അത്യാർത്തിയുടെയും ചതിവിന്റെയും കൊലയുടേതുമൊക്കെക്കൂടിയാണല്ലോ. വധശിക്ഷകൾ നടപ്പിലാക്കാൻ പരസ്യമായും (ഉദാ: ഹെം ലൊക് ഉപയോഗിച്ച് സോക്രട്ടീസ്), സ്വയംഹത്യയ്ക്കും (ഉദാ: ആസ്പ് സർപ്പദംശനത്താൽ ക്ലിയോപാട്ര റാണി), ഗുപ്തമായി രാഷ്ട്രീയശത്രുവിനെ വകവരുത്താനും (ഉദാ. റോമൻ രാജ്യത്തെ നിരവധി മരണങ്ങൾ), കുടുംബസ്വത്തിനായും രഹസ്യമായും മാരകവിഷപ്രയോഗങ്ങളുണ്ടായി.

ക്ലിയോപാട്രയുടെ വിഷമരണം: പെയിന്റിങ്ങ്‌
ക്ലിയോപാട്രയുടെ വിഷമരണം: പെയിന്റിങ്ങ്‌

ക്രിസ്തുവിന് 200 വർഷം മുൻപ് മുതൽ ക്രിസ്തുവിന് പിൻപ് 1500 വർഷംവരെയുള്ള കാലഘട്ടത്തിനെ മദ്ധ്യകാലഘട്ടം (Medieval Times) എന്നു പറയുന്നു. ഈ കാലഘട്ടത്തിൽ സസ്യങ്ങൾ ഉപയോഗിച്ചു ചികിത്സ നിർദ്ദേശിച്ചിരുന്ന Druid എന്ന വൈദ്യൻ, അപ്പോത്തിക്കിരിയെന്ന രാസവസ്തുചികിത്സകൻ, തത്ത്വചിന്തകരായ ഭിഷക്കുകൾ, ബാർബർ(സർജൻ) എന്ന കൈപ്രയോഗക്കാർ--ഇവരൊക്കെയായിരുന്നു ചികിത്സകരും വിഷഹാരികളും. താഴ്ന്ന ലോഹങ്ങൾ സ്വർണമാക്കി പണം കൊയ്യാമെന്നു ധരിച്ച് വിവിധ 'രാസപരീക്ഷണങ്ങളി'ലേർപ്പെട്ടിരുന്ന ഭ്രാന്തൻ ശാസ്ത്രകാരന്മാരായ ആൽക്കെമിസ്റ്റുകൾ, മിസ്റ്റിക്കുകൾ, ഗൂഢക്രിയകൾ നടത്തുകയും രോഗം ആത്മാക്കൾ വരുത്തുന്നതാണെന്ന് വിശ്വസിപ്പിക്കുകയും ആത്മാക്കളോടു സംവദിക്കാൻ കഴിയുമെന്ന് ധരിപ്പിക്കുകയും മറ്റും ചെയ്യുന്ന മന്ത്രവാദികൾ അഥവാ ആഭിചാരകർ തുടങ്ങിയവർ ചികിത്സാരംഗത്ത് നിലയുറപ്പിച്ചിരുന്നു(‑Witch Doctor‑). ദുർമന്ത്രവാദിനികളായ സ്ത്രീകളും രംഗം കൊഴുപ്പിച്ചു. ഇവർ ഉമ്മത്തിൻ കായും ചെട്ടിമല്ലിപ്പൂക്കളും വിവിധ മൃഗങ്ങളുടെ സ്രവങ്ങളുമൊക്കെ ഉപയോഗിച്ചു ശരീരലേപനം നടത്തി രഹസ്യഭാഗങ്ങളിൽ ചൂൽത്തണ്ട് കയറ്റി ഉന്മാദയാത്രയൊക്കെ നടത്തുന്ന രീതികൾ പിന്തുടർന്നു. കുട്ടികളെ തട്ടിയെടുത്ത് മന്ത്രവാദത്തിനായി കൊലപ്പെടുത്തി. അതിനാൽ ‑Witch Hunting എന്ന വേട്ടയാടലും നിരന്തരം ഉണ്ടായി. ആളുന്ന തീയിൽ നീളൻ കമ്പുകൾ ഉപയോഗിച്ച് കുത്തിപ്പിടിച്ചു നടത്തുന്ന ആൾക്കൂട്ടക്കൊലയിലാണ് ഇത് അവസാനിക്കുക. ധാരാളം മനോരോഗികൾ ഇപ്രകാരം കൊലചെയ്യപ്പെട്ടിരുന്നു. ഇവ്വിധം കൊലചെയ്യപ്പെട്ടവരിൽ ഒരാളായിരുന്നു ജൊവാൻ-ഒഫ്-ആർക്ക്.


Related Articles