ഐൻസ്റ്റൈനും സാഹിത്യതുരങ്കവും

Science

ഐൻസ്റ്റൈനും സാഹിത്യതുരങ്കവും


ഒരു നീളൻ സ്ഥലകാലതുരങ്കത്തിലൂടെ കുത്തനെയുള്ള വീഴ്ച പോലെയാണത്; എസ്. ഹരീഷിന്റെ 'അപ്പൻ' എന്ന കഥയും ക്രിസ്റ്റഫർ നോളന്റെ 'ഇന്റർസ്റ്റെല്ലാർ' (Interstellar: നക്ഷത്രങ്ങൾക്കിടയിൽ) എന്ന സിനിമയും. ഏതെല്ലാം സമാന്തര ലോകങ്ങളിലേക്കാവും ആ തുരങ്കം തുറക്കുന്നത്?

വായുവും വെള്ളവും ആഹാരവസ്തുക്കളുമെല്ലാം കൂടുതൽ കൂടുതൽ മലിനമായിക്കൊണ്ടിരിക്കുന്ന ലോകം; കൽക്കരിയും പ്രെട്രോളിയവും തീരാറായിക്കൊണ്ടിരിക്കുന്ന ലോകം; പൊടിക്കാറ്റുകൾക്കിടയിൽ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകം; മൂന്നാമത്തെ ലോകയുദ്ധം ഇല്ലാതെതന്നെ മരിച്ചു തുടങ്ങിയിരിക്കുന്ന ലോകം - ഇന്നത്തെ ലോകത്തുനിന്ന് സമയത്തിലൂടെ കുറച്ചു ചുവടുകൾ വെച്ചാൽ എത്തിച്ചേരുന്ന ആ ഭാവിലോകമാണ് 'ഇന്റർസ്റ്റെല്ലാറി' ലെ ഭൂമി. മനുഷ്യകുലം ഉയിരെടുത്തത് ഇവിടെയെങ്കിലും അതിന്റെ തുടർച്ച അന്യലോകങ്ങളിലാണ് തിരക്കേണ്ടത് എന്ന ആശയത്തിന് പ്രചാരമേറുന്നുണ്ട് ഇപ്പോൾത്തന്നെ. ബഹിരാകാശത്ത് ഉല്ലാസയാത്രയ്ക്ക് പേരുകൊടുത്തു കാത്തിരി്ക്കുന്നവരിൽ സ്റ്റീഫൻ ഹോക്കിങ് മുതൽ സന്തോഷ് കുളങ്ങരവരെയുണ്ടല്ലോ. ആവാസത്തിനായി അന്യഗ്രഹങ്ങൾ കണ്ടെത്താൻ തുടങ്ങിക്കഴിഞ്ഞ അന്വേഷണങ്ങളെ സമയത്തിലൂടെ അൽപ്പംകൂടി മുന്നോട്ടു നീക്കിയാൽ ഈ കഥയിലെ ബഹിരാകാശ പര്യവേഷകരിലെത്താം. പക്ഷേ, ചൊവ്വയെക്കുറിച്ച് കഥകൾ കുറെ കഴിഞ്ഞിട്ടും തുള്ളിവെള്ളം കണ്ടിട്ടില്ല അവിടെ. സൗരയൂഥത്തിലോ പരിസരപ്രദേശത്തോ ആവാസയോഗ്യമായ മറ്റൊരു ഗ്രഹമോ ഉപഗ്രഹമോ ഉണ്ടെന്നുറപ്പുമില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ, അവിടെയെത്തിച്ചേരുവാനെടുക്കുന്ന നീണ്ടവർഷങ്ങൾ എങ്ങനെ തുഴയും? അപ്പോഴേക്കും ഭൂമിയിൽ മനുഷ്യർക്ക് വംശനാശം നടന്നിരിക്കുമോ? ശനിയുടെ വലയങ്ങൾക്കിടയിൽ സമാന്തര ലോകങ്ങളിലേക്കുള്ള കവാടമായ ഒരു സ്ഥലകാലതുരങ്കം (wormhole) പ്രത്യക്ഷപ്പെടുന്നത് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് - കഥയുടെ ലോകത്തെങ്കിലും.

എന്താണ് സ്ഥലകാലതുരങ്കം/വേംഹോൾ? 'ഇന്റർസ്റ്റെല്ലാറി' നെക്കുറിച്ച് അതിലെ ഫിസിക്‌സിലേക്ക് കടക്കാതെ എത്ര വാചകങ്ങൾ ആവാം എന്നു നോക്കുകയായിരുന്നു ഞാൻ. ഇനി, ഫിസിക്‌സിലൂടെ സിനിമയെ കാണാമോ എന്നു നോക്കാം. (ഈ സിനിമയുടെ തിരക്കഥയെഴുതാൻ ജൊനാതൻ നോളൻ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി - കാൽടെക് - യിൽ ചേർന്ന് ആപേക്ഷികതാ സിദ്ധാന്തം പഠിക്കുകയുണ്ടായി).


Related Articles