ദേവദത്തനും സ്പിറിഡൊനോവും

Science

ദേവദത്തനും സ്പിറിഡൊനോവും


അടുത്ത കാലത്ത് കോട്ടയം മെഡിക്കൽ കോളജിൽ പൊടിയൻ എന്ന ഹൃദ്‌രോഗിയിലേക്ക് മസ്തിഷ്‌ക മരണം സംഭവിച്ച വിനയകുമാറിന്റെ ഹൃദയം മാറ്റിവച്ചിരുന്നു. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മരണപ്പെടുന്നതുവരെ പുതിയ ഹൃദയം പൊടിയന്റെ ശരീരവുമായി ചേർന്ന് പ്രവർത്തിക്കുകയുണ്ടായി. സർക്കാർ ആശുപത്രി എന്ന നിലയിലുള്ള ആദ്യ പരിശ്രമമായിരുന്നതിനാൽ കേരളത്തിൽ അതിന് വലിയ പ്രചാരവും ലഭിച്ചു. ഇങ്ങനെ അപകടങ്ങളിൽപെട്ട് മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ വിവിധ അവയവങ്ങൾ പലർക്കായി ദാനം ചെയ്യുന്നത് മിക്ക ദിവസങ്ങളിലെയും വാർത്തയാണ്. മരണാനന്തരം അവയവദാനം നടത്തുന്നത് വീരോചിതമായി വാഴ്ത്തപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് രോഗികൾ, തങ്ങളുടെ പ്രവർത്തനശേഷി നഷ്ടപ്പെട്ട അവയവം മാറ്റിവയ്ക്കുന്നതിന് അനുയോജ്യമായവ കാത്തിരിക്കുന്നുണ്ട്. കാരണം ചില അവയവങ്ങൾ മറ്റൊരാളുടെ മരണശേഷം മാത്രമേ ലഭ്യമാവുകയുള്ളു. വൃക്കകൾ, കരൾ, ശ്വാസകോശം, ഹൃദയം, പാൻക്രിയാസ്, മജ്ജ, നേത്രപടലം തുടങ്ങിയ ഏത് അവയവവും മറ്റുള്ളവരിൽനിന്ന് സ്വീകരിക്കാനാവും. തുടയിലെ രക്തക്കുഴൽ വെട്ടിയെടുത്ത് അതേ വ്യക്തിയുടെ ഹൃദയധമനികൾക്ക് പകരമായി പിടിപ്പിക്കുന്ന ബൈപാസ് പോലുള്ള ശസ്ത്രക്രിയകളും ഒരു തരത്തിൽ അവയവം മാറ്റിവയ്ക്കൽതന്നെയാണ്. ഇതു കൂടാതെ കൃത്രിമമായ അവയവ ഭാഗങ്ങളുമുണ്ട്. മുട്ട് മാറ്റിവയ്ക്കൽ, കൃത്രിമക്കാലുകൾ, ഹൃദയത്തിലെ വാൽവുകൾ, കണ്ണിലെ ലെൻസ്, ചെവിയിലെ കോക്ലിയാർ ഇംപ്ലാന്റ് എന്നിങ്ങനെ. ഈ നേട്ടങ്ങൾക്ക് ഇന്നും അപവാദമാണ് മസ്തിഷ്‌കം.

ഹയവദന

തിരശ്ശീല ഉയരുമ്പോൾ സുന്ദരനായ ദേവദത്തൻ സ്‌റ്റേജിന്റെ ഒരു വശത്ത് ഏതോ സ്വപ്നത്തിൽ മുഴുകിയിരിപ്പാണ്. അയാളുടെ ഉത്തമ സുഹൃത്തായ കപിലൻ സ്‌റ്റേജിലേക്ക് കടന്നു വരുമ്പോൾ ഇതാണ് കാണുന്നത്. കപിലന് ദേവദത്തന്റെ സ്വപ്നം മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അതീവ സുന്ദരിയായ പത്മിനിയെക്കുറിച്ചാണ് ദേവദത്തന്റെ ദിവാ സ്വപ്നം. കപിലൻ ദേവദത്തന്റെ ആഗ്രഹം സാധിച്ചു കൊടുത്തു; പത്മിനിയെ ദേവദത്തന് വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങളെല്ലാം അയാൾതന്നെയാണ് ചെയ്തു കൊടുക്കുന്നത്. മാസങ്ങൾക്കു ശേഷം ഒരു ദിവസം ഉജ്ജയിനിയിലേക്ക് മൂന്നു പേരുംകൂടി യാത്ര ചെയ്യുകയാണ്. കപിലനാണ് രഥം ഓടിക്കുന്നത്. മികച്ച ശാരീരികശേഷിയുള്ള കപിലന്റെ രഥം ഓടിക്കുന്നതിലെ വൈഭവം പത്മിനി ഇടയ്ക്കിടെ സൂചിപ്പിക്കുന്നുണ്ട്. ഇത് ദേവദത്തന് അല്പം അസൂയ ഉണ്ടാക്കുന്നുണ്ട്. കാരണം പത്മിനിയെ താൻ വിവാഹം കഴിക്കുന്നതിന് അനുകൂലമായിരുന്നെങ്കിലും കപിലനും പത്മിനിയെ സ്‌നേഹിച്ചിരുന്നെന്ന് ദേവദത്തനും അറിവുള്ളതാണ്.


Related Articles