യുവതലമുറയെ കാർന്നുതിന്നുന്ന രാസലഹരി

Readers Ink

യുവതലമുറയെ കാർന്നുതിന്നുന്ന രാസലഹരി


ഡാർക്ക്നെറ്റ്, ഹാക്കർ എക്സ് രണ്ടാമൻ എന്നീ സൂപ്പർഹിറ്റ് ത്രില്ലർ നോവലുകളിലൂടെ മലയാള ത്രില്ലർ സാഹിത്യത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച ആദർശിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ. മുൻ പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സൈബർ ലോകത്ത് അതി നൂതന സാങ്കേതിക വിദ്യകളുടെയോ ടെക്നോളജിയുടെയോ പിൻബലത്തിൽ അല്ല, സാധാരണക്കാർക്കിടയിൽ തന്നെ ആണ് ഈ കഥ നടക്കുന്നത്.

'മൊണ്ടി ഷാജി' വെറുമൊരു പ്രാദേശിക ഗുണ്ടയല്ല. അവൻ നാട്ടിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ്. അവരുടെ പ്രധാന കച്ചവടം നടക്കുന്നത് നാട്ടിലെ വിദ്യാലയപരിസരങ്ങളിലാണ്. പോലീസും രാഷ്ട്രീയക്കാരുമെല്ലാം കണ്ണികളായ ആ ലഹരി മാഫിയയുടെ തലപ്പത്ത് പ്രവർത്തിക്കുന്നത് ചിത്രലേഖ എന്ന കഥാപാത്രമാണ്. ഇൻസ്പെക്ടർ രാംകുമാർ സ്റ്റേഷനിൽ ചാർജ് എടുക്കുന്നതോടെ ലഹരി മാഫിയക്കാർക്ക് തലവേദനയാകുന്നു. അയാൾ ചിത്രലേഖയുടെ കൂട്ടാളികളെ ഓരോരുത്തരെയായി കുടുക്കുന്നു. മഹാദേവൻ, നിയാസ്, പ്രദീപൻ തുടങ്ങി അവസാനം അവളുടെ വലംകൈ ആയ ഷാജിയും പോലീസിൻ്റെ കൈയിൽ പെടുന്നു. പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും അന്ന് രാത്രി ഷാജി സ്വന്തം വീട്ടിലെ കിണറിന് മുകളിൽ കയറി തൂങ്ങി മരിക്കുന്നു. അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന സംശയമുയരുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയുന്നു. പോലീസിന് അത് തിരിച്ചറിയാനും തെളിയിക്കാനും ഒരുപാട് വഴികളുണ്ട്. ഷാജിയുടെ കേസിൽ അവർ അതൊക്കെ പരീക്ഷിച്ചതുമാണ്. പക്ഷേ വ്യക്തമായ ഒരു തെളിവും കിട്ടുന്നില്ല. അഥവാ ഇനി അത്രയും കുറ്റമറ്റ രീതിയിൽ തെളിവുകളില്ലാതെ ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആരായിരിക്കും?

പോലീസ് കസ്റ്റഡിയിൽ നിന്നിറങ്ങിയ ശേഷമുള്ള മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. നാട്ടുകാരുടെ മുന്നിൽ നിന്ന് ഷാജിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ഇൻസ്പെക്ടർ രാംകുമാറിനെതിരെ പ്രതിഷേധം കടുക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാകാമെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും സംശയിക്കുന്നു. പക്ഷേ, രാംകുമാർ അതൊരു ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. അവസാനം അന്വേഷണം പുതിയൊരു ഉദ്യോഗസ്ഥൻ ഏറ്റെടുക്കുന്നു. തുടർന്ന് ദുരൂഹമായ അനവധി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനയെ ആകാംക്ഷാഭരിതമാക്കുന്നു.


Related Articles