തിരമാലകൾ അവൾക്കെന്നും കൗതുകവും ആവേശവുമായിരുന്നു. എത്രനേരം അവൾ തിരകൾ എണ്ണിയിരുന്നു എന്നറിയില്ല. യാമിനീ... എന്ന വിളി ചെവിയിലെത്തിയത് ഏറെ നേരം കഴിഞ്ഞാണ്. സുമുഖനും, ആദർശവാനുമായ ഭർത്താവ് മോഹൻ അവളെ സ്നേഹത്തോടെ"യാമി"എന്നാണ് വിളിക്കാറ്. കേൾക്കാതായപ്പോഴാണ് യാമിനീ... എന്ന് നീട്ടിവിളിച്ചത്.
"യാമിനീ, നിന്റെ കൈയിൽ ചെയ്ഞ്ച് ഉണ്ടോ?" മകൾ രുദ്ര കമ്മലുകൾക്കിടയിൽ നിൽപ്പുണ്ട്. ദാ... ആ കടയിൽ. കമ്മലുകൾ അവൾക്ക് ഭ്രാന്താണ്. നിന്നെപ്പോലെ തന്നെ.” യാമിനി വേഗം തന്റെ പേഴ്സ് തുറന്നു. ചില്ലറത്തുട്ടുകൾ എടുക്കുന്നതിനിടയിലാണ് ആ തുറക്കാത്ത ചെറിയ അറ അവളുടെ ശ്രദ്ധയിൽ പെട്ടത്. ഒരുപാട് നാളുകളായി ആ ചെറിയ അറ തുറന്നിട്ട്. മോഹൻ ചെയ്ഞ്ച് വാങ്ങി പോയ തക്കത്തിന് യാമിനി പതുക്കെ ആ അറ തുറന്നു. ഒരു കടലാസുപൊതി. പഴകിയിട്ടുണ്ട്. അവൾ അത് പുറത്തെടുത്തു. അകത്ത് ഒരു മഞ്ഞച്ചരടാണ്. നിറം മങ്ങിയതൊഴിച്ചാൽ ചരടിന് കേടുപാടുകളില്ല. അവൾ അത് ഭദ്രമായി പൊതിഞ്ഞു വീണ്ടും പേഴ്സിൽ വച്ചു. തന്റെ ഹൃദയത്തിന്റെ ഏറ്റവും സുന്ദരവും, സ്വകാര്യതയും നിറഞ്ഞ ഇടത്തിൽ സൂക്ഷിച്ച ആ മുഖം പെട്ടെന്ന് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
അഞ്ചു വർഷങ്ങൾക്ക് മുൻപ്... കൊച്ചി നഗരത്തിൽ ... മോഹന്റെ അമ്മയ്ക്ക് ഹൃദയസംബന്ധമായ അസുഖമായി നഗരത്തിൽ പേരുകേട്ട ആശുപത്രിയിലെ ഐ.സി.യു വിൽ അഡ്മിറ്റ് ആയി. ബൈസ്റ്റാൻഡറായി ഇരിക്കാൻ യാമിനിക്ക് മാത്രമേ സമയമുള്ളൂ. ബാക്കി എല്ലാവരും തിരക്കിലാണ്. മോഹന്റെ അനുജൻ രവിയും കുടുംബവും അമേരിക്കയിൽ സെറ്റിൽഡാണ്. ഒരേയൊരു അനുജത്തി മീരയും കുടുംബവും ലണ്ടനിലും.
