അഴിച്ചെറിഞ്ഞ മുടി ഒന്നു കുടഞ്ഞു വിടർത്തി അവൾ ക്ലോക്കിലേക്ക് നോക്കി, സമയം രാത്രി 1.50; ഉടുത്തിരുന്ന നരച്ചു തുടങ്ങിയ സാരി ഒന്നു പിടിച്ചിട്ട് കട്ടിലിൽ നിന്നും ഇറങ്ങി നേരെ തുറന്നു കിടക്കുന്ന ജനാലയ്ക്കരികിലേക്ക്, അറിയാതെയവൾ നീങ്ങി.
നിലാവ് മായാത്ത രാത്രി! അരിച്ചിറങ്ങുന്ന തണുപ്പിനോടൊപ്പം മുഖത്ത് പതിച്ച നിലാവെളിച്ചത്തിൽ അവളുടെ വൈരക്കല്ല് പതിച്ച മൂക്കുത്തി ഒന്നുകൂടി വെട്ടി തിളങ്ങി. ഇടതൂർന്ന് മുട്ടോളം നീണ്ട തലമുടി, മറന്നു തുടങ്ങിയ ഏതോ ഒരു കറുത്ത രാത്രിയുടെ അറിയാത്ത ചുരുള്‍ പോലെ ഒന്നാടിയുലഞ്ഞു, പിന്നെ പതിയെ പിന്നിലൂടെ അവളെ പുണർന്നു.
മുടിയിഴകളിലേക്ക് വിരൽ കടത്തി തഴുകി ഓരോ മുടിയിഴകളായി അവൾ വിടർത്തിയെടുത്തു. പിണഞ്ഞു പോയ ഓർമകൾ പോലെ മുടികുരുക്കുകൾ ആ വിരലുകളെ തടഞ്ഞു, മുറുകുന്ന കുരുക്കുകൾ ഓരോന്നും വലിച്ചു പൊട്ടിച്ചുകൊണ്ട് അവളും ഓർമകളോട് പക തീർത്തുകൊണ്ടേയിരുന്നു. വിളറി വെളുത്ത ആ വിരലുകൾ അവൾ പോലുമറിയാതെ ഉച്ചിയിൽ പരതി.
