“ഇത്തവണ ഡിസംബറിന് തണുപ്പ് അല്പം കൂടുതലായി തോന്നുന്നില്ലേ?” ആഗ്നസിൻ്റെ ചോദ്യത്തിന് മറുപടി പറയാതെ മധു ശൂന്യതയിലേക്ക് നോക്കി കിടന്നു. അവളുടെ വാക്കുകൾ, എപ്പോഴത്തെയും പോലെ, അയാളുടെ ചിന്തകളുടെ കൂമ്പാരത്തിൽ തട്ടി മുറിയുടെ കോണുകളിലേക്ക് ചിതറി പോയി. നിശബ്ദത തളം കെട്ടിക്കിടന്ന ആ കോണുകളിൽ വല നെയ്യുകയായിരുന്ന ഭീമൻ ചിലന്തികൾ ആഗ്നസിനെ നോക്കി കണ്ണ് ചിമ്മി. ഈയിടയായി, അയാൾക്കെ-പ്പോഴും ചിന്തകൾ മാത്രമേ ഉള്ളൂ. കാലഹരണപ്പെട്ട സാറ്റലൈറ്റുകൾ പോലെ എപ്പോഴാണ് അയാൾ ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതെന്ന് അവൾക്കും തീർച്ചയില്ലായിരുന്നു. ഇടയ്ക്ക് പുറത്തു പോകും; തിരിച്ച് വന്ന് ധൃതിയിൽ മുറിയിലേക്ക് കയറി എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും. അവരൊരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞിട്ടും, ഒരിക്കൽ പോലും ഒരാൾ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കിയിട്ടില്ല. അയാളുടെ ചിന്തകൾ കാരണം അവർക്കിടയിൽ വിള്ളലുകളൊന്നും ഉണ്ടായിരുന്നില്ല; പക്ഷേ,കുറച്ച് ദിവസങ്ങളായി അയാൾ കൂടെയുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്നുള്ള തോന്നൽ ആഗ്നസിൻ്റെ ഉപബോധമനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
"ദേ, ഞാൻ ചോദിച്ചത് നിങ്ങൾ കേൾക്കുന്നുണ്ടോ?"
പെട്ടെന്ന് ഉറക്കത്തിൽ നിന്നുണർന്ന പോലെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു; "പത്ത് വർഷങ്ങൾക്ക് മുൻപ് നമ്മൾ നടത്തിയ മിയാമി യാത്ര തന്നെയായിരുന്നു എൻ്റെ മനസ്സിൽ. ലിങ്കൺ റോഡിൽ, തെരുവ് വിളക്കുകളുടെ അകമ്പടിയോടെ, അന്ന് നമ്മൾ നടന്ന ദൂരം ഒന്ന് ഓർത്തുനോക്കൂ! ഒരിക്കൽ കൂടി നമുക്ക് അവിടെയൊക്കെ പോയി നിനക്കിഷ്ടമുള്ള സ്‌പെഗറ്റിയും റിസോട്ടോയും ഒക്കെ കഴിക്കണം. അന്ന് രാത്രി മുഴുവൻ നീ എൻ്റെ നെഞ്ചിൽ തലവെച്ച് കിടന്ന് ആൽബർട്ടോ മൊറാവിയയുടെ 'ല നോയ'യെപ്പറ്റി വാചാലയായത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്."
