കാണാതായ ഒരു മനുഷ്യനെ തേടിയുള്ള യാത്രയായിരുന്നു അത്. പച്ച വിരിച്ച മൊട്ടക്കുന്നുകൾക്കിടയിലുള്ള പ്ലൂട്ടോ എന്ന ചെറുഗ്രാമത്തിൽ ആ മനുഷ്യനെ തിരഞ്ഞുപോകുക ദുഷ്കരമായിരുന്നു. ഇടുങ്ങിയതും ഇരുൾ വീണതുമായ വഴികൾ അവിടേക്കുള്ള യാത്ര ദുർഘടമാക്കിയിരുന്നു. ഞാൻ തേടുന്ന മനുഷ്യൻ അവിടെയുണ്ടെന്ന് ഉറച്ച് വിശ്വസിക്കാൻ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ല. എങ്കിലും, ഒരാശ്വാസത്തിന്, അയാളവിടെയുണ്ടാകും എന്ന് ഞാൻ വിശ്വസിച്ചു.
ഭൂപടങ്ങളിലൊന്നുമില്ലാതെ മറഞ്ഞിരിക്കുന്ന പ്ലൂട്ടോയിലുള്ളത് അസാധാരണസ്വഭാവമുള്ള മനുഷ്യരായിരുന്നുവെന്ന എന്റെ ഊഹങ്ങളാണ് ഗിൽബർട്ടിനെത്തേടിയുള്ള യാത്രയ്ക്ക് കാരണമായാത്. ഭൂമിയെ നെടുകെ പിളർന്ന പോലെ പതഞൊഴുകുന്ന നീല നദിയാണ് ഞാനാദ്യം കടന്നത്. പുറമെ ശാന്തമായിരുന്ന നീല നദിയിൽ വെള്ളിമീനുകളും കൊമ്പൻസ്രാവുകളും പിരാനാ മത്സ്യങ്ങളും ഊളിയിടുന്നുവെന്നറിഞ്ഞത് മുതുകിലെ പച്ചമാംസം അടർന്നപ്പോഴാണ്. ഒഴുകിയിറങ്ങുന്ന ചോരച്ചുവപ്പിൽ പച്ചമരുന്നുകൾ തിരുകി ഞാനൊരു പുകയെടുത്തു. അപ്പൊഴെനിക്ക് ഓർമ്മ വന്നത് ഗിൽബർട്ടുമായുള്ള ഒരു സായാഹ്നമാണ്. മീസാൻ കല്ലുകൾ കാവൽ നിൽക്കുന്ന ആ ഭൂമികയിൽ കാറ്റുംകൊണ്ടിരിക്കുന്ന രണ്ട് നിഴലുകൾ. ഇളം വെയിലിൽ കറുപ്പ് പടർന്ന എന്റെ കരങ്ങൾ ഉള്ളിലൊതുക്കി ഗിൽബർട്ട് പിറുപിറുക്കുന്നുണ്ടായിരുന്നു.
"അന്നാ, നിനക്കറിയോ മീസാൻ കല്ലുകളെകുറിച്ച്?"
