കൊച്ചൗസേപ്പ് മാപ്പിളയുടെ കൈയിൽ നിന്നും
ഒന്നര ഏക്കർ പാടം പാട്ടത്തിനെടുത്തപ്പോൾ
അപ്പന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
കാലം തെറ്റിപ്പെയ്യുന്ന പെരുത്ത മഴയുടെ ശബ്ദം
അപ്പന്റെ കാതിൽ മുഴങ്ങുന്നതായി എനിക്കു തോന്നി
വട്ടം മാത്രം വരച്ച പേനയുടെ തുമ്പത്തു
അപ്പന്റെ വിയർപ്പുതുള്ളി പതിഞ്ഞു.
പാട്ടഭൂമിയുടെ പത്രം കക്ഷത്തിൽ
തിരുകിവെച്ച അപ്പന്റെ നടപ്പ്
അടുത്ത മീനത്തിൽ നടത്താനിരിക്കുന്ന
മൂത്തേച്ചിയുടെ കെട്ടുവരെ നീളും.
ഉള്ളാളുന്ന കണക്കിന് അപ്പന്റെ ഇടത്തേകൈയിൽ
എന്റെ കുഞ്ഞു വിരലുകൾ ചുരുണ്ടിരുന്നു.
വീട്
ലജ്ജിക്കുന്നൊരു കുടിൽ
ചോരുന്ന മൺ ഓടുകൾ
മഴ വന്നാൽ കിണറുപോലെ വെള്ളം കെട്ടും
ചുമരിലെ വിള്ളലുകൾക്കിടയിലൂടെ
ദാരിദ്ര്യത്തിന്റെ ദീർഘനിശ്വാസം കയറിവരും
വിശപ്പിനെ
വെള്ളം കുടിച്ച് ഉറക്കാൻ
അപ്പൻ പഠിപ്പിച്ചിട്ടുണ്ട്.
'ഈവണ കതിരുകൾ ചിരിച്ചാൽ
കല്യാണമുഴവ് ഉണ്ടാകും'
'ഈവണ ശരിയാകും',
അപ്പനോട് അമ്മ പാടും.
വിതച്ചപ്പോൾ അപ്പൻ ഒന്നേ പറഞ്ഞൊള്ളൂ
'നാളെ നീ രക്ഷിക്കണം'
കളപറിച്ചു, വെള്ളമേറ്റി,
കീടദോഷം നീക്കി
ഓരോ തളിരിലും കായ്ക്കും
പെൺമക്കളുടെ മിഴിച്ചിരി.
പച്ചപ്പിൻ മീതെ കതിരണിഞ്ഞു തുടങ്ങി
മണിപാകം ചെന്നു
സ്വർണനിറം തൂകി
കൊയ്ത്തിൻ പാട്ട് മുഴങ്ങുമെന്നാശ
അരിവാൾ തിളങ്ങി
കറ്റകെട്ടി നിരത്തുമെന്നാശ
മെതിച്ചെടുത്തു ചാക്കു നിറയുമെന്നും
കടം തീർക്കുമെന്നാശ
കൊയ്യാനോ ദിവസങ്ങൾ ബാക്കി.
