നവരസങ്ങൾ വിൽക്കപ്പെടുന്ന കമ്പോളം! ആദ്യമായാണ് ഞാൻ അതിനുള്ളിലേക്ക് പോകുന്നത്. കടലിൻ്റെ അടിത്തട്ടിലൊരു കണ്ണാടിസൗധം എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അവിടത്തെ ക്രമീകരണങ്ങൾ. പുറത്തുള്ള കാഴ്ചക്കാർക്ക് അകത്തുള്ളവരെ കാണാനും കേൾക്കാനും കഴിയുകയും, ഉള്ളിലുള്ളവർക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ പ്രത്യേകതരം ദർപ്പണംകൊണ്ട് നിർമ്മിച്ച കൊട്ടാരം! അതിനുള്ളിലാണ് നവരസങ്ങളെ പൂട്ടിയിട്ടിരിക്കുന്നത്. ഒൻപതിലോരോന്നിലും പുരുഷനും സ്ത്രീയും എന്നിങ്ങനെ രണ്ടുപേർ വീതം പതിനെട്ടുപേരുണ്ടായിരുന്നു. വിലപേശിയാണ് കരാർ ഉറപ്പിച്ചത്.
''ബീഭത്സത്തിനെത്ര വേണം?
കരുണ!''
ഏറ്റവും കൂടുതൽ ലേലത്തുകയായി വിറ്റഴിച്ചത് ശൃംഗാരമായിരുന്നു. തൊട്ടുപുറകിൽ രൗദ്രവും വീരവും. ഒട്ടും വിലയില്ലാതിരുന്നത് ശാന്തവും കരുണയുമായിരുന്നു. നിശ്ചയിച്ചിരുന്നതിനേക്കാൾ ഇരട്ടിത്തുക വിലപേശി ബീഭത്സവും വിറ്റഴിക്കപ്പെട്ടു.
