തെങ്ങോലകളിൽ നിന്ന്
മിന്നാമിനുങ്ങുകളെ അയച്ച്
കുന്നു കയറാനുള്ള
വെളിച്ചം നീട്ടുന്ന
വെള്ളിയൂരെ വീട്
ഇനിയെന്ന് കാണും?
ഒറ്റമുറിയിൽ നൊന്ത്
മരിച്ചു കിടക്കുമ്പോഴെല്ലാം
എനിക്കാ വീട്
ഓർമ്മ വരുന്നു.
വെയിലിൽ വേദനിക്കുന്ന
കാലുകൾ വേച്ചുവേച്ച്
ഒറ്റയ്ക്ക് നടക്കുമ്പോൾ
അതിന്റെ ഉമ്മറത്ത് ചെന്ന്
കിടക്കാൻ തോന്നുന്നു.
കുന്നുകയറി ചെന്നാലുടൻ
മുല്ലവള്ളിയിൽ
ചെന്നുരുമ്മും കാൽവെള്ള
ഒരെണ്ണമിറുത്തെടുത്ത്
വെട്ടിയ മുടിയിൽ ചുമ്മാതെ വയ്ക്കും
കുന്നിറങ്ങുന്നേരം
കാറ്റിനു കൊടുക്കും
അതിന്റെ മണം.
എട്ടുകാലികൾ കൂടുകൂട്ടിയ
അതിന്റെ മുതുകിൽ
പോയ കാലങ്ങളിൽ
ആരെല്ലാം പാർത്തു!
അവരുടെ മയക്കങ്ങൾ, സ്വപ്നങ്ങൾ
ഉറക്കത്തിൽ ചിരിക്കുന്ന കുഞ്ഞുങ്ങൾ
തൊട്ടിലാട്ടുമ്പോൾ
അതുങ്ങളുടെ വിരലുകൾ
പതിഞ്ഞ് തവിട്ടു നിറമായ ചുവരുകൾ.
തിടുക്കപ്പെട്ട്
നെറ്റിയിലുമ്മവെച്ച്
നീ പൊടുന്നനെ പോയാൽ പിന്നെയും
മറ്റാരോ ഉണ്ടെന്ന തോന്നലിൽ
ചുറ്റിപ്പിടിക്കുമത്.
മഴയത്ത്
വേപ്പിലമണം പൊടിക്കും കാറ്റിൽ
മുറ്റത്തേക്കിറക്കും.
ചുവന്ന പേരയ്ക്കകൾ
പറിച്ചെടുത്ത്
ആദിമഗോത്രത്തിലെ പെൺകുട്ടികളെപ്പോലെ
ഞങ്ങളിരുവരും
തോളിൽ കയ്യിട്ടു
തൊടിയിൽ നടക്കും
ചെമ്പോത്തുകളും
മൈനകളും
കരിയിലക്കിളികളുമത്
നോക്കിനിൽക്കും.
കനത്ത കാറ്റ്
മഹാഗണിമരങ്ങളെ
നിലം തൊടീക്കു-
മൊച്ചയിൽ ഞങ്ങൾ
ഈറനുടുപ്പുകൾക്കിടയിൽ
ചെരിഞ്ഞ വരാന്തയിൽ
കേറി നിൽക്കും.
കിണറ്റിൻ കരയിലെ
വെള്ളിലകളും
പുള്ളിച്ചേമ്പുകളുമത്
കണ്ടുചിരിക്കും.
മഴ തോരുമ്പോൾ
വെള്ളിലകൾക്കിടയിലെ
നീട്ടിയ
രണ്ടു നക്ഷത്രങ്ങളാകും.
ഒറ്റമുറിയിൽ നൊന്ത്
മരിച്ചു കിടക്കുമ്പോഴെല്ലാം
വെള്ളിയൂരെ വീട്
ഞാനോർമ്മിക്കുന്നു
