ചില പുസ്തകങ്ങൾ നേരമ്പോക്കിനുള്ള ഉപാധി മാത്രമാകും. ചിലതാകട്ടെ ഉള്ളിൽ കടന്ന് ചിന്തയ്ക്ക് തിരികൊളുത്തും; വെളിച്ചം പ്രസരിപ്പിക്കും. ജ്ഞാനത്തിൻ്റെ ആഴത്തിലേയ്ക്ക് നയിക്കും.
കേരളത്തിൻ്റെ ഏറ്റവും വടക്കേ ജില്ലയായ കാസർകോടിന്റെ ജീവിതവും സംസ്കാരവും സാഹിത്യവും പരിസ്ഥിതിയും നാടൻ കലകളും എന്നുവേണ്ട അവിടുത്തെ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ സമസ്യകളേയും ആവാഹിച്ച് ഒരു ചെപ്പിലൊതുക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ എം. എ. റഹ്മാൻ 'കാസർകോട് ആഖ്യാനങ്ങൾ' എന്ന പുസ്തകത്തിൽ.
കാസർകോടിന്റെ സ്ഥലനാമ ചരിത്രവും പാരിസ്ഥിതിക രാഷ്ട്രീയവും സാംസ്ക്കാരിക ചരിത്രവും ഈ പുസ്തകത്തിൽ തെളിയുന്നുണ്ട്.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനു ശേഷം സൗത്ത് കാനറയിൽ ഉൾചേർന്നിരുന്ന തുളുനാടൻ പ്രദേശമായ കാസർകോട് കേരളം സംസ്ഥാനത്തിന്റെ ഭാഗമായി. ഗോവയിൽ നിന്നും പോർച്ചുഗീസുകാരാൽ ഓടിക്കപ്പെട്ട ജനങ്ങൾ ഇവിടെയെത്തി പാർപ്പുറപ്പിച്ചു. അതുപോലെ തന്നെ മറാത്തികളും തുളു സംസാരിക്കുന്നവരും മലയാളം മാതൃഭാഷയാക്കിയവരും ഒന്നായി ഈ ഭൂഭാഗത്തിൽ സാഹോദര്യത്തോടെ വാസമുറപ്പിച്ചു. സപ്തഭാഷാഭൂമിയായി വിളങ്ങിനിന്ന ഈ ഭൂപ്രദേശം പതിനാല് നദികളാൽ ജലസമൃദ്ധമായി. ജനജീവിതം ആഹ്ലാദകരമായി മുന്നോട്ടു നീങ്ങി. സഹജീവിതത്തിൻ്റേയും സ്നേഹത്തിൻ്റേയും വിളഭൂമിയാക്കി ഇവിടം മാറി. വയനാട്ടുകുലവനും ആലിത്തെയ്യവും പള്ളികളിലെ ഉത്സവങ്ങളും മതസൗഹാർദ്ദത്തിൻ്റെ ഭൂമികയാക്കി കാസർകോടിനെ പത്തരമാറ്റ് മനോഹരമാക്കി.
