പല്ലി താഴെ വീണപ്പോൾ
അത് താങ്ങിയിരുന്ന ചുമരും
പല്ലിക്കൊപ്പം വീണു.
പല്ലി എഴുന്നേറ്റപ്പോൾ
താഴെ വീണ ചുമർ
പതുക്കെ, അപൂർണ്ണമായി
മൂരിനിവർത്തി.
താഴെവീണ് നിലവിളിക്കുന്ന ചുമരിനെ
പല്ലി കാരുണ്യത്തോടെ നോക്കി.
ശേഷം ഒരു തച്ചനെ പോലെ
കല്ലുകൾ പെറുക്കിവെച്ച്
ചുമർ പടുത്തു.
താങ്ങായി പല്ലിയുള്ളതിനാൽ
സിമന്റിന്റെ ആവശ്യമുണ്ടായില്ലന്ന്
പ്രത്യേകം പറയേണ്ടതില്ലല്ലോ.
