സ്കൂളിൽ ഈ വാരം
വീടുസന്ദർശനമാണ്.
കുട്ടികളുടെ ജീവിതവും
പശ്ചാത്തലവും
നേരിട്ടറിയാൻ
ടീച്ചർമാർ വീടുകളിലെത്തും.
ഓരോ ദിവസവും
ക്ലാസ് ഗ്രൂപ്പിൽ
പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.
കൊട്ടാരസദൃശ്യമായ വീടുകൾക്ക് മുന്നിൽ
സഹപാഠികൾക്കൊപ്പം ടീച്ചറും നിൽക്കുന്നു.
അവരെ ചേർത്തുപിടിച്ച്
നന്നായി ചിരിച്ചുകൊണ്ട്.
ചിത്രം പകർത്തുന്നതിന്
തൊട്ടുമുമ്പത്തെ
ചായസത്കാരത്തിന്റെ മധുരം
ആ ചിരിയിൽ തെളിഞ്ഞുകാണാം.
നാളെ എന്റെ വീട്ടിലും ടീച്ചർ വരും.
എന്റെ കുടിലും
ക്ലാസ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടും.
എത്രപേർ അതിന് സ്നേഹം ഇടുമെന്നോ,
എത്രപേർ തീ വാരി എറിയുമെന്നോ
എനിക്കറിയില്ല.
പക്ഷേ,
ഉറപ്പാണ്:
ആ ചിത്രത്തിൽ
ടീച്ചർ ചിരിക്കുന്നുണ്ടാവില്ല.
