വീടൊരു വട്ടമാണ്
വട്ടമോ?
ഉം...അല്ലേൽ ഒരു ലൂപ്പാണ്.
ഈ വട്ടത്തിനുള്ളിൽ ഞാൻ
വളർന്നുകൊണ്ടിരിക്കുന്നു..
പത്ത് പന്ത്രണ്ടായി
പന്ത്രണ്ട് പതിനഞ്ചായി
പതിനഞ്ച് പത്തൊമ്പതായി
പത്തൊമ്പത് ഇരുപത്തൊന്നായി
ഇരുപത്തൊന്ന് ഇരുപത്താറായി.
പക്ഷേ ക്ലോക്കിലെ സൂചികൾ
തിരിച്ചെത്തും പോലെ
ഞാനും ഇരുപത്താറിൽ നിന്ന്
റിവേഴ്സ് ഗിയറിടിച്ച്
പന്ത്രണ്ടിലും പതിനഞ്ചിലുമൊക്കെ
ചെന്നുവീഴുന്നു!
എൻ്റെ (?) വീടിനെ
ഞാൻ എൻ്റേതാക്കാൻ ശ്രമിച്ചു.
ചുമരിന് എനിക്ക് ഇഷ്ടമുള്ള
നീലനിറം നൽകി
പകലും രാത്രിയും
ആകാശത്തെ ഓർമ്മിച്ചു
ആകാശം എനിക്ക് (ആ)ശ്വാസമാണ്.
പക്ഷേ വൃത്തം നിവർന്നില്ല
ലൂപ്പ് കറങ്ങിക്കൊണ്ടിരുന്നു.
എൻ്റെ സ്വപ്നങ്ങളെയും സ്നേഹങ്ങളെയും
വീടിൻ്റെ പല ഭാഗത്തും തൂക്കിയിട്ടു.
ഒരു മാറ്റവുമില്ല.
അവരൊക്കെ എന്നെ
വെറുതെ പല്ലിളിച്ചു കാട്ടുന്നു.
ഈ വീട് കറങ്ങിക്കൊണ്ടിരിക്കുന്നു.
വേണ്ടാത്ത ഓർമകളെ ശർദ്ദിച്ച്
ഞാനും ഒപ്പം കറങ്ങുന്നു.
ഈ വീട് നിവരില്ലേ?
ഈ ലൂപ്പ് അവസാനിക്കില്ലേ?
