ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് രഘുവിന്റെ കൂടെ ഒരു ദീർഘയാത്രയ്ക്ക് മാലതി ഒരുങ്ങിയത്. "രണ്ടുപേരും കൂടി ഒന്ന് പുറത്തൊക്കെ കറങ്ങി വാ മക്കളേ", എന്ന് വത്സലാമ്മ കൂടെക്കൂടെ പറയാറുണ്ട്. അപ്പോഴൊക്കെ രഘു ഓരോരോ കാരണങ്ങൾ പറഞ്ഞ് യാത്ര ഒഴിവാക്കുമായിരുന്നു. ഭാഗം വെച്ച വസ്തുവിന്റെ ആധാരമെഴുത്ത് നടന്ന ദിവസം പതിവ് തെറ്റിച്ച് രഘു വീട്ടിലെത്തി. "നാളെ തിരുവനന്തപുരം വരെ പോകണം. രാവിലെ അഞ്ചിന് ആലപ്പുഴയിൽ നിന്ന് ട്രെയിൻ ഉണ്ട്."
ഇത്രയും പറഞ്ഞ് അയാൾ വീട്ടിൽ നിന്നും ഇറങ്ങി. ഇത് മാത്രം പറയാനായിരുന്നെങ്കിൽ ഫോൺ വിളിച്ചാൽ മതിയായിരുന്നല്ലോയെന്ന് മാലതി ചിന്തിച്ചു.
രഘുവിന്റെ വീട്ടുകാർ അവരുടെ കല്യാണത്തിന് സമ്മതിച്ചിരുന്നില്ല. മാലതിയുടെ നിർബന്ധത്തിനാണ് വിവാഹം നടന്നത്. നാലു വർഷത്തെ കൊടുമ്പിരി കൊണ്ട പ്രണയം. പക്ഷേ, ഏതാനും മാസങ്ങൾ മാത്രമാണ് രഘുവിന്റെ കൂടെ മാലതി വാടകവീട്ടിൽ കഴിഞ്ഞത്. എന്നിട്ടും മാലതിക്ക് രഘുവിനെ മറക്കാൻ കഴിയുമായിരുന്നില്ല.
