“ബയൽനാട്”അല്ലെങ്കിൽ“വയനാട്”എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് അവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ്. തണുപ്പും പ്രകൃതിഭംഗിയും കൊണ്ട് സമ്പന്നമായ ഒരു വിനോദസഞ്ചാര കേന്ദ്രം. എന്നാൽ ഷീല ടോമിയുടെ“വല്ലി”എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ ആ സങ്കല്പങ്ങളൊക്കെ വിദൂരമാകുന്നു. വയനാട്ടിലെ പ്രകൃതിഭംഗിയേക്കാൾ അവിടെ നടന്ന ആദിവാസി ചൂഷണങ്ങൾ, ചെറുത്തുനിൽപ്പുകൾ, വേദനകൾ, പരിസ്ഥിതി വിനാശം, രാഷ്ട്രീയ പോരാട്ടങ്ങൾ എന്നിങ്ങനെ ആ പ്രദേശം കടന്നുപോയ അരനൂറ്റാണ്ടുകാലത്തെ ചരിത്രം നമ്മെ അസ്വസ്ഥരാക്കുന്നു.
1970 കളിൽ തൊമ്മിച്ചൻ സാറ എന്നീ ദമ്പതികൾ വയനാട്ടിലെ “കല്ലുവയൽ”എന്ന ഗ്രാമത്തിലേക്ക് കുടിയേറുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. നാല് തലമുറകളിലൂടെ കഥ മുന്നോട്ട് പോകുന്നു. കത്തുകൾ, ഡയറിക്കുറിപ്പുകൾ, നാടോടിക്കഥകൾ, പണിയ ഭാഷയിലെ പാട്ടുകൾ എന്നിവയിലൂടെയാണ് നോവലിന്റെ സഞ്ചാരം. അതിൽ തൊമ്മിച്ചൻ്റെയും സാറയുടെയും പേരക്കുട്ടി സൂസൻ്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് കഥയുടെ വലിയൊരു ഭാഗം വായനക്കാരിലേക്ക് എത്തുന്നത്.
സൂസൻ്റെ മകൾ ടെസ, ആദിവാസി/ഗോത്ര വിഭാഗക്കാരായ കാളി, ബസവൻ, സിസ്റ്റർ ഇസബെല്ല, പീറ്റർ, ജെയിംസ്, പത്മനാഭൻ എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ ഈ നോവലിൽ കാണാം. ശക്തരായ സ്ത്രീ കഥാപാത്രങ്ങളും ഈ പുസ്തകത്തിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. സൂസൻ, ടെസ്സ തുടങ്ങി ആധുനിക സ്ത്രീകൾ മുതൽ നാടോടിക്കഥകളിലെ ദേവദാസിയായ ഉണ്ണിയച്ചി, പണിയ സമുദായത്തിലെ വളരെയേറെ ശക്തയായ കാളി, സഭയുടെയും സന്യാസ ജീവിതത്തിൻ്റെയും ചട്ടക്കൂടുകളിൽ നിന്ന് പുറത്തുവരുന്നു. പാവപ്പെട്ട ആദിവാസികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി ജീവിക്കുന്ന ഇസബെല്ലയും ഇതിലെ പ്രധാന കഥാപാത്രമാണ്.
