തീവ്ര മനുഷ്യാനുഭവങ്ങളുടെ ആഖ്യാനങ്ങൾ

Readers Ink

തീവ്ര മനുഷ്യാനുഭവങ്ങളുടെ ആഖ്യാനങ്ങൾ


മലയാളഭാഷയെ സൂക്ഷ്മതയോടെ അരിച്ചെടുത്ത് കലർപ്പില്ലാതെ മനോഹരമായി വായനക്കാരുടെ മുന്നിലേക്ക് പകർന്നുനൽകുന്ന ചുരുക്കം ചില എഴുത്തുകാരിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. തീവ്രമായ മനുഷ്യാനുഭവങ്ങളെയും ജീവിതത്തിന്റെ അഗാധമായ സങ്കീർണ്ണതകളെയും ആവിഷ്കരിച്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ പന്ത്രണ്ട് മികച്ച ചെറുകഥകളടങ്ങിയ സമാഹാരമാണ് 'ഉരുളക്കിഴങ്ങ് തിന്നുന്നവരും ജനപ്രിയ കഥകളും.'

'ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം','ഭാരം കുറഞ്ഞ ഭാണ്ഡങ്ങൾ','ദൈവവും സർക്കാരും','ഏദൻ','പറുദീസാനഷ്ടം','സന്മാർഗം', 'അമേരിക്ക','പുത്രകാമേഷ്ടി','ഉരുളക്കിഴങ്ങ് തിന്നുന്നവർ','ഏഴു ഖണ്ഡികയിൽ ഒരു കടങ്കഥ','സതിസാമ്രാജ്യം'തുടങ്ങിയ പന്ത്രണ്ടു കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

മനുഷ്യൻ അഭിമുഖീകരിക്കുന്ന നിസ്സഹായാവസ്ഥയും സാമൂഹികസമ്മർദ്ദങ്ങളും ആൾക്കൂട്ടങ്ങൾക്കിടയിലെ ഏകാന്തതയുമെല്ലാം ഒരുപോലെ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. ഇതിലെ ഓരോ കഥയും മനുഷ്യജീവിതത്തിന്റെ വ്യത്യസ്തമായ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.

കഥാസമാഹാരത്തിന് തുടക്കം കുറിക്കുന്ന 'ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം' എന്ന കഥയിൽ ബുക്കാറാം വിത്തൽ എന്ന അൻപതു വയസ്സുകാരനായ കള്ളന്റെ സ്വത്വാന്വേഷണശ്രമവും ആന്തരിക സംഘർഷങ്ങളുമാണ് വരച്ചുകാട്ടുന്നത്. അയാളും ഗ്രാമവും പ്രളയത്തിൽ അകപ്പെടുകയും പ്രളയത്തിനൊടുക്കം അയാളുടെ കൈയിലേക്ക് ഒരു പിഞ്ചുകുഞ്ഞ് എത്തിച്ചേരുകയും ചെയ്യുന്നു. ആ കുട്ടിയിലൂടെയാണ് ബുക്കാറാം സ്വയം കണ്ടെത്തുന്നതും തിരിച്ചുനടക്കുന്നതും.


Related Articles