അവളുടെ കണ്ണുകൾ നിറയാതെയായി. അതിൽ ചോര പോലും വറ്റി വെള്ള വിരിപ്പ് വിരിച്ചിരുന്നു. മുന്നോട്ട് പോകും തോറും ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കാതുകളിൽ അലയടിച്ചു. നിർത്താതെയുള്ള കരച്ചിൽ അവളുടെ കാതുകളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
വെള്ളം വീണുനിറഞ്ഞ കാതുകളിൽ അവൾ എണ്ണ ചൂടാക്കി ഒഴിച്ചു നോക്കി. ഇല്ല, പിന്നെയും ആ കരച്ചിൽ. തേങ്ങലല്ല, വിതുമ്പിയുള്ള കരച്ചിലല്ല, മരണവെപ്രാളമാണ് അതിൽ. പ്രാണൻ പോകുന്നതിനു മുന്നേ ആ കുഞ്ഞ് അമ്മയോട് യാചിക്കുന്നു: 'ഞാനും ജീവിച്ചോട്ടെ, എന്നെ ആ മാറോട് ഒന്നു ചേർത്തുപിടിക്കില്ലേ.' അവൾ കണ്ണുകൾ ഇറുക്കി അടച്ചു. നെറ്റി ചുളിഞ്ഞു വരകൾ വീണു. കാതുകൾ കൈകൾ കൊണ്ട് ഇറുക്കി പിടിച്ചു. എന്നിട്ടും ആ കരച്ചിൽ നിന്നില്ല. അവൾ ഏതോ ഗർത്തത്തിൽ എന്ന പോലെ ആ പിഞ്ചുശബ്ദം കേട്ടു. ഓടി പോയി കിണറിന്റെ ആഴങ്ങളിൽ നോക്കി. ഇല്ല ഒന്നും കാണുന്നില്ല. ഒരു നിഴൽ പോലും ആ ജലാശയത്തിൽ പ്രതിഫലിക്കുന്നില്ല.
അവൾ അറിയാതെ ആ കൈകൾ ഉദരത്തിൽ വച്ചു. വെള്ളത്തിൽ തുള്ളികൾ വീഴുമ്പോലെ അവൾ കേട്ട ആ ഹൃദയസ്പന്ദനം ഇനിയില്ല. ഓടി ഒളിക്കാൻ കഴിയാതെ അവൾ ആ മുറിയിലെ ഭിത്തിയിൽ നോക്കിയിരുന്നു. മുടിയിൽ അവൾ സ്വയം തൊട്ടു നോക്കി. രക്ഷപ്പെടാനുള്ള കുരുക്ക് സൃഷ്ടിക്കാൻ തക്ക ബലം ഇല്ലതിന്. ചുരുണ്ടു കൂടി ആ തറയിൽ കിടക്കുന്ന അവളെ കണ്ടാൽ ഒരു ഭ്രൂണത്തെ ഓർമ്മ വരും. തലയുടെ ആകൃതി എത്താത്ത ഒരു ഭ്രൂണം.
