ഉരഗഹൃദയം

Readers Ink

ഉരഗഹൃദയം


എങ്ങോട്ടും പോയിട്ടില്ലെന്ന്
നിങ്ങളെ ഇടക്കിടെ ഓർമ്മിപ്പിക്കും
അത്.

ഇരുട്ടിലേക്കും തണുപ്പിലേക്കും
ഇഴഞ്ഞകലുമ്പോൾ
കരിയിലക്കാട്ടിൽ തലപൂഴ്ത്തിയിരിക്കുമ്പോൾ
മണ്ണ് ഞെരിയുന്നതറിഞ്ഞ് പതുങ്ങുമ്പോൾ
കോടി വർഷങ്ങൾക്കിപ്പുറത്ത് ഉരഗഹൃദയമുണരുന്നു.

ഇണചേരുന്ന നിങ്ങൾ
ചുറ്റിപ്പിണയുന്നത് പിന്നെന്താണ്?
വെറുക്കുമ്പോൾ നാവു പിളർത്തി
ദംശിക്കുന്നത് പിന്നെന്തിന്?
ഉറയൂരി ഇഴഞ്ഞകലാറില്ലേ നിങ്ങളിന്നും?
വളഞ്ഞ നട്ടെല്ലിനെ പഴിക്കുമ്പോൾ
ഓർക്കാറില്ല നിങ്ങളെയും കൊണ്ടത് താണ്ടിയ
ഇല്ലാവഴികൾ !
സ്വപ്നങ്ങളിൽ നിങ്ങളെ തേടുന്ന
ഉരഗസ്മൃതികളിൽ നിന്നിനിയും എവിടെയൊളിക്കാൻ?


Related Articles