സ്കൂൾ തുറക്കുന്ന ദിവസവും
അയാൾ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
അമ്മ വന്ന് അയാളെ വിളിച്ചുണർത്തി.
പുതിയ പാദരക്ഷകൾ
കുപ്പായം, ബാഗ്
ഇടവേളകളിൽ കുടിക്കാനുള്ള ഓട്ട്സ് ബോട്ടിൽ
ഇതൊക്കെ കാണിച്ച് പ്രലോഭിപ്പിച്ച്
അമ്മ അയാളുടെ കരച്ചിൽ മാറ്റി
അയാളെ സ്‌കൂളിലേക്കയച്ചു.
സ്കൂൾ ബസ്സിന്റെ ഡ്രൈവർ
അയാളെ അഭിവാദ്യം ചെയ്ത്
ബാക്ക്സീറ്റിലേക്ക് ചൂണ്ടി.
പിന്നാലെ കയറിയ
മറ്റ് കുട്ടികളിൽ ചിലർ
കരയുന്നത് അയാൾ കണ്ടു.
അയാൾക്കും കരച്ചിൽ വന്നു.
സ്‌കൂൾ എത്തിയപ്പോൾ
കരച്ചിൽ അടക്കിപ്പിടിച്ച്
അയാൾ തത്തിത്തത്തിയിറങ്ങി.
വാച്ച്മാൻ അയാളെ തടഞ്ഞു:
"അല്ല, നിങ്ങളെങ്ങോട്ടാ?
തോറ്റുപോയതിന് പിരിച്ചുവിടപ്പെട്ട നിങ്ങൾ
എന്തിന് പിന്നെയും വന്നു?"
അയാൾ കരഞ്ഞു.
കണ്ണീരൊപ്പാൻ ആരുമില്ലാതെ
അയാൾ നിസ്സഹായനായി നിന്നു.
100% അൺ-എയ്ഡഡ്.
