ഉടൽ 

Readers Ink

ഉടൽ 


ക്ലാസിൽ കയറാതെ മറ്റു ഡിപ്പാർട്മെന്റിലെ കുട്ടികളുടെ കൂടെ കറങ്ങി നടന്നതിനു ടീച്ചറുമായിട്ട് വഴക്കിട്ടിട്ടാണ് കോളേജിൽ നിന്നിറങ്ങുന്നത്. ഒരു ഉച്ച സമയമാണ്. കൃത്യമായ സമയം ഞാൻ നോക്കിയില്ല. കോളേജിൽ ചേർന്ന കാലം മുതൽ ഞാൻ എന്റെ ആക്ടിവ സ്കൂട്ടിയിലാണ് പോക്ക് വരവ്. അതിനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. സ്കൂട്ടിയുടെ സീറ്റിനുള്ളിൽ എന്റെ സൈഡ് ബാഗ് വെച്ച് ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വണ്ടി കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ സെക്യൂരിറ്റി സാധാരണ എന്നോട് ചിരിക്കുക പതിവാണ്. പക്ഷെ ഇന്ന് ചിരിച്ചില്ല, ഞാനും ചിരിച്ചില്ല. വഴിയിലൊന്നും കുട്ടികളെ ആരെയും കണ്ടില്ല. എല്ലാരും ഇത്ര നല്ല കുട്ടികളായി ക്ലാസിലിരിക്കാൻ തുടങ്ങിയോ എന്ന് ഞാൻ സംശയിച്ചു. ഗേറ്റ് കഴിഞ്ഞ് വണ്ടി റോഡിലേക്ക് കേറിയതും ഞാൻ ആക്‌സിലേറ്റർ വലിച്ചു പിടിച്ചു. ടീച്ചറോട് തീർക്കാൻ പറ്റാത്ത ദേഷ്യം മുഴുവൻ ഇങ്ങനെ തീരുവാണേൽ തീരട്ടെന്ന് കരുതി. ആ പോക്കിൽ ചുറ്റുമുള്ളതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല. റോഡിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് അതിവേഗത്തിൽ വണ്ടിയോടിച്ചു. മനസ് ഇപ്പോഴും കോളേജിലണ്. വഴക്കിട്ട ടീച്ചറുടെ മുന്നിൽ നിന്ന് തർക്കിക്കുകയാണ്. ഞാൻ ക്ലാസിലിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണോ ടീച്ചറാണോ എന്നതായിരിന്നു എന്റെ ചോദ്യം. ടീച്ചറുടെ മുന്നിൽ നിന്ന്, ആ പരിസരത്തുനിന്ന്, കോളേജിൽ നിന്നുതന്നെ ഇറങ്ങിപ്പൊന്നിട്ടും ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് മുന്നിൽ എന്റെ മനസ് ചൂണ്ട കൊളുത്തിൽ മീൻ പിടയുന്നപോലെ പിടയാൻ തുടങ്ങി. 

വാഹനങ്ങൾക്കിടയിലൂടെ ചെറിയ ഗ്യാപ്പിലൂടെ വെട്ടിച്ചുകൊണ്ട് വണ്ടിയുടെ വേഗം വീണ്ടും വീണ്ടും കൂട്ടുമ്പോൾ സൈഡിൽ നിന്നുള്ള തെറിവിളികളിലോ മറ്റു വണ്ടിയിൽ നിന്നുള്ള നടുവിരൽ നമസ്കാരങ്ങളിലൊ എന്റെ  കണ്ണോ മനസോ ഉടക്കിയില്ല. ഒടുവിൽ മുല്ലശേരി എത്തി. കോളേജിനും വീടിനും ഇടയ്ക്ക് ആകെയുള്ള ഒരേ ഒരു ടൗൺ. വളരെ വീതി കുറഞ്ഞ റോഡ്. റോഡിന്റെ ഇരു വശങ്ങളിലും കടകൾ. ടൗണിന്റെ ഏകദേശം നടുവിൽ എത്തിയാൽ മറ്റു രണ്ട് റോഡുകൾ വന്നു ചേർന്ന് അതൊരു സർക്കിൾ പോലെയാണ്. അതുകൊണ്ട് ബ്ലോക്കും പതിവാണ്. ഞാൻ ടൗണിലേക് കേറിയതും വണ്ടിയുടെ സ്പീഡ് അല്പം കുറഞ്ഞു. മുന്നിലെ വണ്ടികൾ കാരണം സ്പീഡ് കുറയ്ക്കേണ്ടി വന്നു. ചെറിയൊരു ഗ്യാപ് കിട്ടിയപ്പോള്‍ എന്റെ തൊട്ടു മുന്നിലുള്ള നീല ബസ്സിനെ ഞാൻ ഓവർടേക്ക് ചെയ്തു. മുന്നിലുള്ള നാലോ അഞ്ചോ കാറുകളെ ഒരുമിച്ച് ഓവർടേക്ക് ചെയ്ത് ആറാമത്തെ കാറിനെ ഓവർ ടേക്ക് ചെയ്യാൻ വേണ്ടി വലതു വശത്തുകൂടെ കേറ്റിയതും മുന്നിലുള്ള ഓട്ടോക്കാരൻ വണ്ടി നിർത്തി. ഞാനും നിർത്തി. അയാൾ വണ്ടിയിൽ നിന്ന് എന്നെ വഴക്ക് പറയാൻ തുടങ്ങി. ഒന്നും എന്റെ ഉള്ളിലേക്കു കേറുന്നുണ്ടായിരുന്നില്ല. മനസ് ഇപ്പോഴും ടീച്ചറുടെ മുന്നിലെ ചൂണ്ടകൊളുത്തിലാണ്. അവസാനം കിട്ടിയ ചെറിയ ഗ്യാപ്പിലൂടെ ഞാൻ വണ്ടി എടുത്തു. രണ്ട് റോഡുകൾ വന്നു നിൽക്കുന്ന സ്ഥലത്ത് സാധാരണ ഉണ്ടാവാറുള്ള ബ്ലോക്ക്‌ ഇന്ന് ഇല്ല. പകരം റോഡ് സൈഡിൽ മുഴുവൻ ആളുകൾ തടിച്ചു കൂടിയിരിക്കുന്നു. ഹോണടിച്ചുകൊണ്ട് മുന്നിലുള്ള ഓരോ വാഹനങ്ങളെയായി ഓവർടെക് ചെയ്ത് പോകുമ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്. റോഡിനു നടുവിൽ ഒരു ശരീരം. സ്ത്രീയുടേതാണ്. ആ ശരീരത്തിന് തല ഇല്ല. സാരിയുടുത്ത ഒരു ശരീരം റോഡിന്റെ നടുവിലായി മലന്നു കിടക്കുന്നു. ആ ശരീരത്തിന്റെ അരയുടെ താഴോട്ട് ഇല്ല എന്ന് തോന്നി. കാരണം സാരിത്തുമ്പ് മുകളിലോട്ട് കയറി നിന്നിട്ടും ആ സ്ത്രീയുടെ കാലുകൾ കാണുന്നില്ലായിരുന്നു. കാലും തലയും ഇല്ലാത്ത ഉടൽ മാത്രമുള്ള സാരി ഉടുത്ത ഒരു സ്ത്രീ ശരീരം റോഡിൽ മലർന്നു കിടക്കുന്നു. റോഡിൽ ചോരയോ ശരീരത്തിലൂടെ വണ്ടി കയറിയത്തിന്റെ പാടുകളോ വാഹനാപകടമാണെന്ന് തോന്നിക്കുന്ന സൂചനകളോ ഞാൻ കണ്ടില്ല.  


Related Articles