ചുംബനങ്ങളുടെ മാനിഫെസ്റ്റോ

Readers Ink

ചുംബനങ്ങളുടെ മാനിഫെസ്റ്റോ


അദൃശ്യമായ ലോകങ്ങളുടെ സൗന്ദര്യത്തെ അനാവൃതമാക്കിയും വായനക്കാർക്ക് തീർത്തും അപരിചിതമായ അനുഭവതലങ്ങളെ പരിചിതമാക്കിയും ജീവിതസത്യങ്ങളെ ഒരു മൂന്നാം കണ്ണുപോലെ വെളിപ്പെടുത്തിയും മുൻവിധികൾ മങ്ങലേൽപ്പിക്കുന്ന എല്ലാ കാഴ്ചകളിലേക്കും സത്യത്തെ സാത്മീകരിച്ചും കൊണ്ട് അത്രമേൽ ശക്തമായ നിലപാടുതറയിൽ നിന്നുകൊണ്ടാണ് കവിത വായനക്കാരുമായി സംവദിക്കുന്നത്.

“Poetry comes from the highest happiness or the deepest sorrow.”

കവിത ഉരുവം കൊള്ളുന്നത് അദമ്യമായ ആഹ്ലാദത്തിൽ നിന്നോ അല്ലെങ്കിൽ തീക്ഷ്ണമായ ദുഃഖത്തിൽ നിന്നോ ആണ്. വൈയക്തികമായ അനുഭൂതിയുടെ വൈകാരികതലങ്ങളിൽ നിന്നും ബഹിർമുഖമായ മാനങ്ങളിലേക്ക് വളർന്നുവികസിക്കുന്ന ഉമ്മകൾക്കൊണ്ടൊരു കാവ്യശില്പമാണ് കെ. ജെ. വിനോദ് “ഉച്ചപോലെ നീ കത്തുമ്പോൾ” എന്ന കവിതാസമാഹാരത്തിലൂടെ സൃഷ്ടിച്ചിട്ടുള്ളത്. ഉമ്മകളെ വേരുപോലെ പടർത്തി ആ ഉമ്മകളിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് കവി തന്റെ വികാര-വിചാരങ്ങളെ താലോലിച്ചുവളർത്തുന്നത്. "രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുമെന്ന്" പറഞ്ഞത് ഓക്ടാവിയ പാസ് ആണ്. വായനയും ഉമ്മ പോലെ തന്നെയാണ്. രണ്ടുപേർ ഇല്ലെങ്കിൽ ഉമ്മ സംഭവിക്കാത്തതുപോലെ വായനക്കാരുടെ ചുംബനമേൽക്കുമ്പോഴാണ് കെ. ജെ. വിനോദിന്റെ ഉമ്മക്കവിതകളും സ്വത്വമാർജ്ജിക്കുന്നത്.
"ചുണ്ടുകൾ ചേർത്തുവെച്ചൊരു
തോണിയുണ്ടാക്കുന്നു
അതിനു പോകുവാനൊരു കടലുണ്ടാക്കുന്നു
വിരലുകളതിന്റെ ആഴങ്ങളെ കോരിയെടുക്കുന്നു
തിരകളിപ്പോൾ നമ്മുടെ ഉടലുകളിലാണ്."


Related Articles