യന്ത്രത്തിന്റെ മാസ്മരിക ലോകത്തിൽ വെറുതെ ഇരിക്കുക, കമ്പ്യൂട്ടറിനു മുന്നിൽ അന്വേഷണത്വരയോടെ വിരലമർത്തുക, മൊബൈലിൽ റീലുകളുടെ ചലനത്തിൽ കണ്ണുംനട്ട് ഇരിക്കുക.. നിത്യചെയ്തികൾ ഇവ തന്നെ! അതിൽ നിന്നും വ്യതിരിക്തമായി ഭൗതികലോകത്തിൽ ജീവിത പന്ഥാവിൽ എത്തിപ്പെടേണ്ട യാഥാർത്ഥ്യം അതൊ ന്നിലേക്ക് മാത്രമാണ് നമ്മുടെ പരിപാടിയിലെ പൊന്നുവിനെ സംബന്ധിച്ചിടത്തോളം അവളുടെ പ്രവർത്തികൾ.
‘കൗതുകലോകം’ ഇനി അടുത്ത ആഴ്ച. ഒരുപാട് സൈദ്ധാന്തിക മേഖലയിലേക്കുള്ള യാത്രയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റുപറ്റിപ്പോയി. മൈക്ക് മാറ്റിവെച്ച് റെക്കോഡ് റൂമിൽ നിന്ന് ഇറങ്ങി നടക്കുന്ന തരംഗിണി. ശബ്ദങ്ങളുടെ വലയത്തിൽ നിന്ന് ജീവിത പാളയത്തിലേക്ക് ബസ് കയറി. സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മാത്രമാണ് കുടുംബത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഭർത്താവ് വീട്ടിൽ ഉണ്ടാവുക വളരെ അപൂർവ്വം. യാത്രാജീവിയാണ് മാത്രവുമല്ല കുടുംബനാഥയ്ക്കാണ് കുടുംബത്തിൽ കൂടുതൽ പങ്ക്. അതുകൊണ്ടുതന്നെ മൂപ്പരുടെ ഓഹരി വളരെ കുറച്ചുമാത്രം. അതെന്തായാലും പോട്ടെ, എനിക്കാണെങ്കിൽ പ്രശ്നവുമില്ല.
പതിവുപോലെ മീൻകാരൻ വരുന്നതും കാത്ത് നിന്നു, പക്ഷേ ഇന്നില്ല... ഓ വെള്ളിയാഴ്ചയാണല്ലോ ഇന്ന്, പെട്ടെന്നാണ് ഓർമ്മ വന്നത്. എനിക്ക് ദുഃഖവെള്ളി..... ഇനി ചിക്കൻ വാങ്ങണമെങ്കിൽ കുറെ ദൂരം നടക്കണം. ആ നടത്തം ഭീകരമാണ്. ആളുകളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കൽ, ദുഃഖസാന്ദ്രമായ മറുപടികൾ ഒന്നിനും വയ്യ! ചിക്കൻ വാങ്ങാതെ വീട്ടിൽ പോയാൽ മകന്റെ വക, ‘എനിക്ക് ഒന്നും തിന്നാനില്ല, എനിക്കിഷ്ടമുള്ളതൊന്നും അമ്മ വാങ്ങിത്തരില്ല. മോള് എന്തു പറഞ്ഞാലും റെഡിയാണ്. ഇന്നലെ കൂടി അമ്മ ചേച്ചിക്ക് Face cream, വാങ്ങി കൊടുത്തില്ലേ? Lipstick, Dress എല്ലാം പൈസ നോക്കാതെ വാങ്ങും എനിക്കോ? ആ ചോദ്യം നേരിടാനുള്ള ശക്തി പൊതുവേ തനിക്കില്ല എന്ന സത്യം അറിഞ്ഞു കൊണ്ടുതന്നെ എന്റെ നടത്തത്തിന്റെ വേഗതയ്ക്ക് ഞാൻ മാർക്കിട്ടു.
