ഇന്ന് ക്ലാസ്സ്‌മുറിയിൽ അത്ര ആനന്ദകരമായ അന്തരീക്ഷം അല്ലായിരുന്നു. വളരെ കലുഷിതവും ദുഷ്‌കരവുമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കാൻ അവർ ഓരോരുത്തരും മനസ്സില്ലാമനസ്സോടെ ഒരുങ്ങുകയായിരുന്നു. പെട്ടെന്നാണ് എല്ലാവരുടെയും ഹൃദയമിടിപ്പ് ഇരട്ടിവേഗത്തിലാക്കികൊണ്ട്ഫസ്റ്റ്ബെല്ലടിക്കുന്നത്. ആദ്യം ബോബി സാറിന്റെക്ലാസ് ആണെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ഒരു നീണ്ട ജുബ്ബയും ഒരു വെള്ളമുണ്ടും പിന്നെ ഒരു പഴഞ്ചൻ കണ്ണാടിയും അദ്ദേഹത്തിന്റെ സ്ഥിരം വേഷവിധാനങ്ങളാണ്. പക്ഷെ, ഇത്തവണ ഇവക്കെല്ലാം കൂട്ടിനു കൈയിൽ വാർഷികപരീക്ഷയുടെ ഉത്തരകടലാസുമുണ്ട്.ക്ലാസ്സിൽ ഒരു പുതിയ വിദ്യാർത്ഥി ഉണ്ടായിരുന്നു. പേര് കുട്ടൻ. അവന്റെ സുഹൃത്തുക്കൾ ബോബി സാറിന്റെ സ്വഭാവസവിശേഷതകൾ അവനെ ബോധിപ്പിച്ചത് കൊണ്ടാകാം അവന്റെ ഹൃദയമിടിപ്പ് ക്ലാസ്സിൽ ഞങ്ങളെല്ലാവരെക്കാളും ഉച്ചത്തിൽ മുഴങ്ങി. എന്ന് മാത്രമല്ല, സാറിൻറെ ചെറിയ നിഴലനക്കം കണ്ടപ്പോൾ തന്നെ അയാൾ ചാടി എഴുന്നേൽക്കുകയുംചെയ്തു.
പെട്ടെന്ന് തന്നെ ബോബി സർ ക്ലാസിലേക്ക് വരുകയും സകലരും ചാടി എഴുന്നേൽക്കുകയും ചെയ്തു. പ്രകൃതി സഹജമായ ചില പക്ഷികളുടെയോ മറ്റോ ശബ്ദമല്ലാതെ ഒരു ചെറിയ അനക്കം പോലും ആ പ്രദേശത്തെങ്ങും ഉണ്ടായിരുന്നില്ല എന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. “എല്ലാവരും ഇരിക്ക്” അധികം ഉച്ചത്തിൽ അല്ലാത്ത ഒരു ശബ്ദം കേട്ടു.
തുടർന്ന് അദ്ദേഹം കൃത്യ മുഹൂർത്തത്തിൽ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യം പേര് വിളിക്കും, പിന്നീട് അടുത്തേക്ക് വരാൻ പറയും, എന്നിട്ട് കൈ നീട്ടുമ്പോൾ ഒന്നുകിൽ ഒരു നീണ്ട വടി കയ്യിൽ പതിക്കും അല്ലെങ്കിൽ ഉത്തരകടലാസ് കൈയിൽ വെച്ച് തരും അതാണ് അദ്ദേഹത്തിൻറെ രീതി. സാർ പേര് വിളിച്ചു തുടങ്ങി, ''മനോജ്, രവി, ശോഭ…” അങ്ങനെ ക്ലാസിൽ പലരുടെയും മുഖത്ത് ചിരിയും ചില മുഖങ്ങളിൽ കരച്ചിലും മാറിമാറി പുറത്തുവന്നു. “നിന്റെ അപ്പനെ ഇന്ന് ഞാൻ വിളിക്കുമെടാ” ബോബി സാർ ജോർജിനോട് പറഞ്ഞു. തുടർന്ന് എന്റെ പേരും വിളിക്കുകയുണ്ടായി. മോശമല്ലാത്ത ഒരു മാർക്ക് വാങ്ങിയതുകൊണ്ട് ശിക്ഷാനടപടികൾക്ക് വിധേയനാവേണ്ടി വന്നില്ല.
