കിഴക്കൻ മലേലെ പേമാരിക്ക് കൈയിൽ കിട്ടിയതും വാരിയെടുത്ത് ബിന്നിയെയും ക്ലാരയേയും കൂട്ടി പാപ്പച്ചൻ രക്ഷപ്പെട്ട് വന്നതാണ് പ്ലാന്തോപ്പ്പടിയിലോട്ട്. പെണ്ണുമ്പിള്ള സാറാമ്മ മരിച്ചിട്ട് മൂന്നാല് കൊല്ലങ്ങൾ കഴിഞ്ഞ്, പാപ്പച്ചനും പിള്ളേരുംകൂടി കൊച്ചു കൂരയിൽ ജീവിച്ചുവരുമ്പോഴാണ് പേമാരി ഉണ്ടായത്.
അപ്പനെ പെങ്ങന്മാർ ഒന്നൂടെ കെട്ടിക്കാൻ നിർബന്ധിച്ചത് ബിന്നിക്ക് ഓർമ്മയുണ്ട്. അപ്പൻ പെണ്ണ് കെട്ടാത്തത് മക്കളുള്ളതുകൊണ്ടാണെന്ന് മൂത്തപെങ്ങൾ ആലീസിനോട് പറയുന്നതും ബിന്നി ഒരിക്കൽ കേട്ടിട്ടുണ്ട്.
"പിള്ളേര് വളന്ന് അവർടെ കാര്യംനോക്കി പോകും നെനക്കൊരു കൂട്ട് വേണ്ടേ?"
ആലീസ് ചോദിച്ചപ്പോൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ക്ലാരയെ ഒന്നൂടെ എത്തി നോക്കിയിട്ട് പാപ്പച്ചൻ പറഞ്ഞു.
