''മനുഷ്യജീവിതം ഒരു കഥപോലെയാണ്. ഏതുതരത്തിലുള്ള കഥയുമാവാം. ആനന്ദിപ്പിക്കുന്ന കഥ, വീരോചിതമായ കഥ, മനുഷ്യശരീരം ദുർബലമാണ്. എന്നാൽ മനുഷ്യന്റെ ആത്മീയമായ, അലൗകീകമായ ശക്തിയെ തോൽപ്പിക്കാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. ഇച്ഛാശക്തിയും അവബോധവുമുണ്ടെങ്കിൽ.'' ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്ക് വഴങ്ങാത്തതിന് രക്തസാക്ഷിയായ ഭർത്താവിന്റെ മൃതദേഹത്തിനരികിൽ സമചിത്തത നഷ്ടപ്പെട്ട, മൂന്നു കുട്ടികളുടെ അമ്മയും ഗർഭിണിയുമായ സാറിയെ ആശ്വസിപ്പിച്ചുകൊണ്ട് പരിണതപ്രജ്ഞനും വൃദ്ധനുമായ ഡോക്ടർ അബ്ദുല്ലാഖാൻ എന്ന കഥാപാത്രം പറയുന്ന ഈ അതിജീവനമന്ത്രം ഇറാനിയൻ സാഹിത്യത്തിലെ ആദ്യ സ്ത്രീവാദരചന, 'സൗവശൂൻ' എന്ന നോവലിലേതാണ്. കൊളോണിയലിസത്തിന്റെ കിരാത വാഴ്ചയ്ക്കുകീഴിൽ അകപ്പെട്ടുപോയ ഒരു ജനതയുടെ നിലവിളികളുടെയും പൊട്ടിത്തെറിക്കുന്ന രോഷത്തിന്റെയും സംഭവബഹുലമായ ആഖ്യാനമാണീ നോവൽ. സ്ത്രീയനുഭവങ്ങളെ മുൻനിർത്തി അധിനിവേശ ചരിത്രം പറയുന്നു എന്നതാണ് സിമിൻ ദാനീശ്‌വർ എഴുതിയ ഈ നോവലിന്റെ പ്രത്യേകത. കാരുണ്യവതിയും കുടുംബം സ്വർഗ്ഗമായി കരുതുന്നവളും ജീവിതപരിസരങ്ങളിൽ സ്‌നേഹം വിതറുന്നവളുമായ 'സാറി' എന്നുവിളിക്കുന്ന സഹ്‌റ എന്ന കുടുംബിനിയുടെ തീവ്രാനുഭവങ്ങളിലൂടെയാണ് ഇറാന്റെ അധിനിവേശ ചരിത്രത്തിലെ ഇരുണ്ടകാലങ്ങൾ എഴുത്തുകാരി പറയുന്നത്. ആഖ്യാനത്തിന്റെ നിത്യനൂതനത്വംകൊണ്ടും അധിനിവേശ ഇറാന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികാവസ്ഥകളുടെ സൂക്ഷ്മവിശദാംശങ്ങൾ കൊണ്ടും ശ്രദ്ധേയമാണീ നോവൽ.
ഇറാനിൽ വളരുന്ന പർപ്പിൾ നിറമുള്ള ഒരു പൂവിന്റെ പേരാണ് നോവലിന്റെ ശീർഷകം. 'പാരെസൗവശൂൻ' എന്നു വിളിക്കുന്ന പൂവുമായി ബന്ധപ്പെട്ട് ഒരു പുരാവൃത്തം പ്രചാരത്തിലുണ്ട്. ഫിർദൗസിയുടെ ഷാനാമയിലൂടെ ഈ പുരാവൃത്തം സുപ്രതിഷ്ഠിതമായി. കാവൂസ് രാജാവിന്റെ പുത്രനായ സിയോവാശ് രാജകുമാരനോട് അതിസുന്ദരിയായ സൗദാബാ എന്ന രണ്ടാനമ്മയ്ക്ക് രതിവികാരം തോന്നി. അവരുടെ ഇംഗിതത്തിന് വഴിപ്പെടാതിരുന്ന രാജകുമാരനെ ചതിപ്രയോഗത്തിലൂടെ വധിച്ചു. സിയോവാശിന്റെ രക്തം വീണ മണ്ണിൽ മുളച്ചുപ്പൊന്തിയ വാടാമലരാണ് സൗവശൂൻ. സൗവശൂന് നാശമില്ല. പുനർജ്ജനിയുടെ പൂവാണത്. അധിനിവേശക്തികളുടെ കൊള്ളരുതായ്മയ്ക്കും ചൂഷണത്തിനുമെതിരെ പ്രതിരോധം തീർത്ത്, ഒടുവിൽ രക്തസാക്ഷിത്വം വരിച്ച ഇറാനിയൻ യുവത്വം, പൂവായും കാറ്റായും നിഴലായും പുനർജ്ജനിച്ചുകൊണ്ട് ജനസമൂഹത്തിന് പ്രചോദനവും അതിജീവനശക്തിയും തരുന്നു എന്ന ദർശനം, പർപ്പിൾ നിറമുള്ള സൗവശൂൻ പൂവിന്റെ മിത്തിനെ നോവലിൽ പ്രതീകാത്മകമായി വിളക്കിച്ചേർത്തുകൊണ്ട് എഴുത്തുകാരി അവതരിപ്പിക്കുന്നു.
