വായനക്കാരുടെ  വിഭാവനങ്ങൾ

Readers Ink

വായനക്കാരുടെ വിഭാവനങ്ങൾ


മറക്കാൻ പാടില്ലാത്ത രണ്ടു പ്രധാന സാഹിത്യസന്ദർഭങ്ങൾ ഓർത്തുപോവുന്നു. അത് നോവലുകളുടെ പിറവിയുടേതല്ല. നോവലിന്റെ വിചാരലോകത്തെ അടയാളപ്പെടുത്തുകയും വായനയെ മുന്നോട്ടുപോകാൻ പ്രാപ്തമാക്കുകയും ചെയ്ത രണ്ടു കൃതികളുടെ പിറവിയാണ് ഓർമ്മയിലുള്ളത്. പി.കെ.ബാലകൃഷ്ണൻ അറുപതുകളിൽ എഴുതിയ 'നോവൽ-സിദ്ധിയും സാധനയും' എന്ന കൃതിയാണ് പ്രഥമം. 'നോവലിന്റെ പ്രത്യേകതകളും വിശേഷസാദ്ധ്യതകളും' വായനക്കാരിലെത്തിക്കാനുള്ള ഒരു പരിശ്രമം എന്ന നിലയിൽ ആ പുസ്തകം ശ്രദ്ധേയമായിരുന്നു. തനിക്ക് പ്രിയപ്പെട്ട നോവൽ രചനാതത്ത്വങ്ങൾ അവതരിപ്പിക്കാൻ പറ്റിയ ഉദാഹരണങ്ങൾ മലയാളത്തിൽ ഇല്ലാതിരുന്നതുമൂലം അന്യഭാഷാനോവലുകൾ അന്വേഷിച്ചു കണ്ടെത്തി. ബംഗാളി ഭാഷയിലെഴുതപ്പെട്ട താരാശങ്കർ ബാനർജിയുടെ 'ആരോഗ്യനികേതനം' എന്ന നോവലിനോടൊപ്പം ജയിൻ ഓസ്റ്റിന്റേയും ദസ്തയോവ്‌സ്‌കിയുടെയും കൃതികൾ ഉദാഹരണമായി സ്വീകരിച്ചു. അക്കാലത്ത് 'പ്രൈസ് ആന്റ് പ്രജൂഡിസ്' മലയാളത്തിൽ പരിഭാഷ നിർവ്വഹിക്കപ്പെട്ടിരുന്നില്ല. ഡോസ്റ്റോവ്‌സ്‌കിയുടെ ചില കൃതികൾക്ക് പരിഭാഷ വന്നിട്ടുമുണ്ട്. കെ.ദാമോദരന്റെ കരമസോവ് സഹോദരന്മാരുടെ പരിഭാഷ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അസ്സൽ സാഹിത്യവിമർശനത്തിന് മാതൃക സൃഷ്ടിക്കാനുതകുന്ന നോവലുകളുടെ അഭാവം പി.കെ.ബാലകൃഷ്ണനെ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കാം. അതുകൊണ്ടാവാം, മലയാളത്തിന് അപരിചിതമായ രണ്ടു കൃതികൾ തെരഞ്ഞെടുത്തതിലുള്ള പ്രയാസം തുറന്നുപറഞ്ഞത്. ആരോഗ്യനികേതനും ഒരിന്ത്യൻ നോവലാണ്.

തന്റെ നോവൽ പഠനകൃതിയുടെ മുഖവുരയിൽ ഇപ്രകാരം പ്രസ്താവിച്ചു കാണുന്നു: ''വിമർശന വിഷയമായ കൃതിയുമായി വായനക്കാരനുള്ള പരിചയം വിഷയത്തിന്റെ സാഹിത്യമൂല്യം ആസ്വദിക്കപ്പെടാൻ അത്യാവശ്യമായി വേണ്ട അടിസ്ഥാനമാണ്. വിമർശകന്റെ സർഗ്ഗാത്മകമായ അപഗ്രഥനവൈഭവം വായനക്കാരന് നൂതനമായ ഒരു സാഹിത്യാനുഭൂതിയാവുന്ന വിമർശനവിഷയവുമായി നല്ല പരിചയം കൂടിയുള്ളപ്പോഴാണ്. ആ പ്രയാസത്തിന് ഇവിടെ എന്തു പ്രതിവിധി ചെയ്തുവെന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു സമാധാനവും എനിക്ക് പറയാനില്ല.''

വായനക്കാർക്ക് പരിചയമുള്ള നോവൽ വിമർശനവിധേയമാക്കുമ്പോഴും അല്ലാത്തപ്പോഴും സംഭവിക്കുന്ന അഭിരുചിയുടെ പ്രശ്‌നമാണ് വെളിപ്പെടുന്നത്. അതിൽ വായനക്കാരനും വിമർശനവും തമ്മിലുള്ള അടുപ്പവും പരിശോധിക്കപ്പെടുന്നു. അപരിചിതമായ ഒരു കൃതിയുടെ പാഠവിശകലനം നടക്കുമ്പോൾ വായനക്കാരന് നൂതനവും വ്യത്യസ്തവുമായ സാഹിത്യാനുഭൂതിയുണ്ടാവില്ല എന്നാണ് വാദം. അവിടെ വിമർശനം പരാജയമാകും എന്നെ തോന്നൽ ഗ്രന്ഥകാരനുണ്ട് താനും. അത് എത്ര മാത്രം ശരിയാണ്? വിമർശനം ഉന്നയിക്കുന്ന കാതലായ ഈ പ്രശ്‌നം വാസ്തവത്തിൽ പരിഹരിക്കപ്പെടുന്നുണ്ടോ 'നോവൽ സിദ്ധിയും സാധനയും' എന്ന പുസ്തകത്തിൽ? പക്ഷേ, നമ്മുടെ വായനക്കാർ ആ വഴിക്കൊന്നും ആലോചിച്ചുപോയില്ല. അവർ ആ കൃതി സ്വീകരിക്കുകയും പഠനവിഷയമാക്കുകയും ചെയ്തു. അതെന്തായാലും ആ ഗ്രന്ഥം പുറത്തുവന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അതുമായി തുലനം ചെയ്യാവുന്ന മറ്റൊരു വിമർശനകൃതിയും രൂപപ്പെട്ടതായി അറിവില്ല. നോവൽ വിമർശനം വലിയൊരു ശൂന്യതയെ അഭിമുഖീകരിക്കുന്നുവെന്നും ആലോചിച്ചുറപ്പിക്കേണ്ടതുമില്ല.


Related Articles