വി.കെ.എൻ. സിദ്ധികളെല്ലാം പൊലിപോലെ പൊലിമനേടുന്ന നോവലാണ് 'ജനറൽ ചാത്തൻസ്'. മനുഷ്യന്റെ ജീവസന്ധാരണത്തിനുവേണ്ടതെല്ലാം അധികംപോയിട്ട് ആവശ്യത്തിനുപോലും ഇല്ലാത്തവനായിരുന്നു 'ജനറൽ ചാത്തൻസി'ലെ നായകനായ ചാത്തൻസ്. ഇല്ലായ്മയാകട്ടെ ആവശ്യത്തിലധികമുണ്ടായിരുന്നുതാനും. എല്ലാ അർത്ഥത്തിലും 'ചെറുമൻ' ആയിരുന്നു. ചെറുമൻ എന്ന സാമാന്യമായ ആക്ഷേപത്തെ തല്ലിച്ചതച്ച് വി.കെ.എൻ. അതിനെ 'ജർമ്മൻ' എന്ന വിശേഷണമാക്കി. അതെ, ഒരു ജർമ്മൻകാരന്റെ ബുദ്ധിയുണ്ടായിരുന്നു ചാത്തൻസിന്. പക്ഷേ എഴുതാനും വായിക്കാനും അറിയില്ലെന്നുമാത്രം. എന്നിട്ടും എഴുത്തും വായനയും അറിയുന്നവരേക്കാൾ അറിയപ്പെടുന്നവനായി ചാത്തൻസ് മാറി. പഞ്ഞത്തിൽ നിന്ന് പണത്തിലേയ്ക്കുള്ള ആരോഹണമായിരുന്നു ചാത്തൻസിന്റെ ജീവിതം. ഇല്ലായ്മയിൽനിന്ന് ഉണ്മയിലേയ്ക്ക്. ഉണ്മ എന്ന വാക്കിന്റെ പൂർണ്ണതയിലേയ്ക്കുള്ള യാത്ര. ഈ ആരോഹണത്തിന് ഊന്നുവടിയായി വർത്തിച്ചത് കഠിനദ്ധ്വാനവും (കു)ബുദ്ധിയും അത്യുത്സാഹവുമായിരുന്നു. പണിചെയ്തിട്ടും പാണിയിലേയ്ക്ക് പണം വന്നില്ലെങ്കിൽ വരുത്തണം, വരുത്തിക്കൊത്തിക്കണം എന്നതായിരുന്നു ചാത്തൻസിന്റെ സിദ്ധാന്തം. അന്ത്യത്തിൽ സിദ്ധിച്ചതല്ല ചാത്തൻസിന് ഈ സിദ്ധാന്തം. ആദ്യത്തിൽ സിദ്ധിച്ചതാണ്. തന്റെ ദാരിദ്ര്യം വിധിയാണെന്ന് അയാൾ വിശ്വസിച്ചില്ല. ദാരിദ്ര്യത്തിൽ അയാൾ നിരാശനായില്ല. ദാരിദ്ര്യത്തെ ആദർശവൽക്കരിച്ച് കൂടുതൽ ദരിദ്രനായില്ല. ദാരിദ്ര്യം വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് മനസ്സിലാക്കിയ മാർക്സിസ്റ്റാണ് ചാത്തൻസ്. വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന വിപ്ലവമാണ് അതിനുള്ള പരിഹാരമെന്ന് അയാൾ വിശ്വസിച്ചു. ചാത്തൻസ് അമർന്ന പണിക്കാരനാണ്. നിവരില്ല. പക്ഷേ പണിയെടുക്കുന്ന മണ്ണ് സ്വന്തമല്ല. അതുകൊണ്ട് സ്വന്തമായി മണ്ണുവേണം. ആറടിമണ്ണല്ല, പണിയെടുത്തു ജീവിക്കാൻ വേണ്ടിടത്തോളം അടി മണ്ണ്. അതിനുവേണ്ടി കുറച്ചു അടിയുണ്ടാക്കുക തന്നെ വേണ്ടിവന്നു. മണ്ണാണ് വിണ്ണിലേയ്ക്കുള്ള വഴി. മണ്ണുണ്ണിയായ ചാത്തൻസ് വിണ്ണുണ്ണിയായി മാറുന്ന കഥയാണ് ചുരുക്കത്തിൽ 'ജനറൽ ചാത്തൻസ്' എന്ന നോവൽ. ഇവിടെ 'മണ്ണുണ്ണി' പരിഹാസവാക്കല്ല. ഉപഹാരവാക്കാണ്. മണ്ണിന്റെ ഉണ്ണിയാണ് മണ്ണുണ്ണി. മണ്ണിന്റെ ഉണ്ണിയാകുന്നതിനേക്കാൾ നല്ലൊരു ഉണ്ണിത്തമുണ്ടോ? മണ്ണിൽ കളിക്കുന്ന കുട്ടികൾ മാത്രമല്ല കൃഷിക്കാരും മണ്ണുണ്ണിയാണ്. മണ്ണ് അവർക്ക് അമ്മയാണ്. അമ്മ ഉണ്ണിക്കു വേണ്ടതെല്ലാം കൊടുക്കുന്നതുപോലെ മണ്ണമ്മ കർഷകരായ ഉണ്ണികൾക്ക് വേണ്ടതെല്ലാം കൊടുക്കുന്നു.
പാർട്ടി സെക്രട്ടറി കു.കൃ. നായരുടെ (കുട്ടികൃഷ്ണൻനായർ) വിവാദമനുസരിച്ച് രണ്ടുവിധമാണ് മണ്ണ് അഥവാ ഭൂമി. തരിശുഭൂമിയും മിച്ചഭൂമിയും. ഭൂമിയില്ലാത്തവർക്ക് രണ്ടും കയ്യേറാം. അഥവാ കാലേറാം. അമ്മയിൽ എല്ലാ ഉണ്ണികൾക്കും ഒരുപോലെ അവകാശമുണ്ടല്ലോ. ഈ വാദമനുസരിച്ചാണ് വിപ്ലവപാർട്ടിയുടെ മുൻകയ്യിൽ ഭൂരഹിതരായ കർഷത്തൊഴിലാളികൾ ഭൂസഹിതരായത്. മലയാറൻകുന്ന് കയ്യേറി കുടിൽ വച്ചത്. മിച്ചഭൂമിയെ അവർ മെച്ചഭൂമിയാക്കാൻ തീരുമാനിച്ചു. കുട്ടികൃഷ്ണൻ നായരും ചാത്തൻസുമാണ് നേതൃത്വം വഹിച്ചത്. കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥയിലും ജനജീവിതത്തിലും വലിയ പരിവർത്തനം വരുത്തിയ സംഭവമാണ് മിച്ചഭൂമിസമരം. 1979-ൽ അന്നത്തെ ഇ.എം.എസ്. മന്ത്രിസഭ പാസ്സാക്കിയ ഭൂപരിഷ്ക്കരണബില്ലിന്റെ ജനകീയമായ നടപ്പിൽവരുത്തലായിരുന്നു ഒരർത്ഥത്തിൽ ഈ സമരം. ബില്ലനുസരിച്ച് ഒരാൾക്ക് കൈവശംവെയ്ക്കാവുന്ന ഭൂമിയുടെപരിധി 15 ഏക്കറാണ്. ബാക്കിയുള്ളതെല്ലാം മിച്ചഭൂമിയാണ്.
കയ്യേറിവച്ച നൂറു കുടിലുകളോടുകൂടിയ മലയാറൻകുന്നിനെ വെളുപ്പിനേ വെളിപ്പെടുത്തിക്കൊണ്ടാണ് 'ജനറൽ ചാത്തൻസ്' എന്ന നോവൽ ഉദിക്കുന്നത്. അതിഗംഭീരമായ ഉദയമാണത്. നോവലിന്റെ അസ്തമയം അതിലും ഗംഭീരമാണ്. ഉദയവെളിച്ചത്തിൽ വായനക്കാർ കാണുന്നത് നേതാക്കളായ നായരേയും ചാത്തൻസിനേയും വിവരമറിഞ്ഞെത്തിയ വിവരദോഷിയായ കൃഷിഭാഗ്യം ഗോപാലൻനായരേയുമാണ്. കയ്യേറ്റത്തിന്റെ ശരിതെറ്റുകളെപ്പറ്റിയുള്ള ഒരു സംവാദമാണ് പിന്നെ അവിടെ നടക്കുന്നത്. സംവാദത്തിൽ നിലംപരിശായ ഗോപാലൻനായർ ഒടുവിൽ മണ്ണിൽ നിന്നെഴുന്നേറ്റ് നേരെപോയി വിവരം വില്ലേജാപ്പീസറായ കോപ്പുണ്ണിനായരെ അറിയിക്കുന്നു. വില്ലേജാപ്പീസറുടെ അധികാരം കയ്യിലേന്തി രംഗപ്രവേശംചെയ്ത കോപ്പുണ്ണിനായരും തന്റെ കയ്യിലുള്ള കോപ്പുകൾ ഫലിക്കാതെ കുട്ടികൃഷ്ണൻനായരും ചാത്തന്മാരുടെ അടിയേറ്റ് പത്തി താഴ്ത്തി.
