വൈകുന്നേരങ്ങളിലെ നടത്തം ആനന്ദിന് പതിവുള്ളതാണ്. എന്നാൽ വളരെക്കാലത്തിനു ശേഷം ഇന്നയാൾ നടക്കുന്നതിന് മറ്റൊരു ഉദ്ദേശ്യമുണ്ട്. നരച്ച കുറ്റിത്താടി കൈ കൊണ്ടു തടവി, മുഷിഞ്ഞു തുടങ്ങിയ ഉടുമുണ്ട് ഒന്നുകൂടി മുറുക്കിയുടുത്ത് കാലുകൾ നീട്ടി വലിച്ചു വെച്ച് അയാൾ നടക്കുന്നത് ബാബയുടെ വീട് ലക്‌ഷ്യമാക്കിയാണ്. കൂട്ടുകാരിലൊരാൾ പറഞ്ഞു കൊടുത്ത അടയാളങ്ങൾ മനസ്സിൽ വെച്ചാണ് അയാളുടെ യാത്ര.
പണ്ടുണ്ടായിരുന്ന ധൈര്യവും തന്റേടവുമെല്ലാം കൈമോശം വന്നിരിക്കുന്നു. ഇനി ഏറെക്കാലം ജീവിക്കണമെന്ന ആഗ്രഹമോ, ജീവിക്കുമെന്ന പ്രതീക്ഷയോ ഇല്ല. ആരോഗ്യസ്ഥിതി അമ്പേ മോശമായിരിക്കുന്നു. കുറെ കാലമായി മനസ്സിലേറ്റി നടന്ന ഒരാഗ്രഹം, അതിനിയും വൈകിപ്പിച്ചു കൂടാ. ചന്ദ്ര മോളെ ഒരുനോക്ക് കാണണം. നെറികേടാണ് താൻ അവളോട് ചെയ്തത്. ആയുസ്സിന്റെ തിരി എരിഞ്ഞു തീരാറായി. തിരിച്ചങ്ങു ചെല്ലുമ്പോൾ കാന്തി ആദ്യം ചോദിക്കുക ചന്ദ്രമോളുടെ വിശേഷമായിരിക്കും.
നാളെയാണ് ഐ എ എസ് പരീക്ഷയുടെ അവസാനഘട്ടമായ ഇന്റർവ്യൂ നടക്കുന്നത്. വരാന്തയിലിരുന്ന് തല പുകഞ്ഞു പുസ്തകങ്ങൾ റെഫർ ചെയ്യുന്നതിനിടയിലാണ് മുറ്റത്തൊരു കാൽപ്പെരുമാറ്റം ചന്ദ്ര കേട്ടത്. "ആരാ?". അയാൾ കൗതുകത്തോടെ ചന്ദ്രയെ ഉറ്റുനോക്കിക്കൊണ്ട് മൗനിയായി നിൽപ്പ് തുടർന്നു. ഒരുവേള, കാന്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന് അയാൾക്ക് തോന്നി. സ്ഥലകാല ബോധം നഷ്ടപ്പെട്ടവനെപ്പോലെ അയാൾ നിന്നു. നിങ്ങളാരാ എന്ന അടുത്ത ചോദ്യത്തിനും ഉത്തരം നൽകാതെ, ക്ഷമാപണ ഭാവത്തോടെ അവൾക്കു മുന്നിൽ വളഞ്ഞു കൈകൾ കൂപ്പി അൽപനേരം കൂടി നിന്നു. ശേഷം പതുക്കെ തിരിഞ്ഞു നടന്നു.
