കനം കൂടിത്തുടങ്ങിയ തണുത്ത ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ട് ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് ഗോവിന്ദപ്പിള്ള ഓടിക്കിതച്ചെത്തി. ചിറപ്പുത്സവം കണ്ടുനടന്ന് സമയം ഏറെ വൈകിയിരിക്കുന്നു. കൊല്ലത്തേക്കുള്ള അവസാന ബോട്ട് പുറപ്പെടും മുന്നേ എത്തിയില്ലെങ്കില്‍ സംഗതി ആകെ അവതാളത്തിലാകുമെന്ന ഭയമാണ് അയാളുടെ വെപ്രാളം പിടിച്ചുള്ള ഓട്ടത്തിന്റെ കാരണം.
കൊല്ലത്തുള്ള സുന്ദരം ചെട്ടിയാരുടെ കയറുപിരി കമ്പനിയിലേക്കുള്ള ചകിരിയും റാഡും ആലപ്പുഴയില്‍ നിന്നും വില പറഞ്ഞുറപ്പിച്ചുള്ള തിരിച്ചുപോക്കാണ് പിള്ളയുടേത്. ചെട്ടിയാരുടെ വിശ്വസ്തനും സാമര്ഥ്യക്കാരനുമായ കണക്കപ്പിള്ള കൂടിയാണദ്ദേഹം. ആഴ്ചയിലൊരിക്കല്‍ ആലപ്പുഴ പട്ടണത്തിലേക്ക് വ്യാപാരാവശ്യങ്ങള്‍ക്കായി ഗോവിന്ദപ്പിള്ളയ്ക്ക് വരവുപോക്കുള്ളതിനാൽ ബോട്ടിലെ തൊഴിലാളികളുമായി അയാള്‍ നല്ല പരിചയത്തിലാണ്. പോരാത്തതിന് ചെട്ടിയാരുടെ വലംകയ്യായതിനാല് പിള്ളയോട് അവര്‍ക്കൊരു പ്രത്യേക പരിഗണനയുമുണ്ട്.
ഇത്തവണ ചെട്ടിയാരുടെ പുതിയ സംരംഭമായ കയറുപിരി കമ്പനിക്ക് ആവശ്യമായ വസ്തുക്കള്‍ ആലപ്പുഴയില്‍ നിന്ന് വിലപേശി സംഘടിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണ് അയാളുടെ വരവ്. അവശ്യവസ്തുക്കളെല്ലാം പിള്ളയുടെ വാക്ചാതുരിയാല്‍ ഉദ്ദേശിച്ചതിലും ലാഭത്തില്‍ വില പറഞ്ഞുറപ്പിച്ചു. മാത്രമല്ല അടുത്ത ദിവസം തന്നെ തങ്ങളുടെ പണിക്കാരെയും കൂട്ടി ചെട്ടിയാരുടെ വലിയ കെട്ടുവള്ളങ്ങള്‍ കൊണ്ടുവന്നു സാധനങ്ങള്‍ കയറ്റിപ്പോവാം എന്നും അയാള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു.
