സരയുവിൻ്റെ ഓളങ്ങളിൽ ചുറ്റിത്തിരിഞ്ഞൊരു കാറ്റ് മുടിയിഴകളെ തഴുകി കടന്നുപോയപ്പോൾ മട്ടുപ്പാവിൽ, പ്രിയപ്പെട്ട ഇരിപ്പിടത്തിലിരുന്ന് കൈകേയി കണ്ണുകളടച്ചു. തീരത്തെ വൃക്ഷക്കൂട്ടത്തിനുള്ളിലെവിടെയോ പൂത്തുലഞ്ഞ് നിൽക്കുന്ന പാരിജാതത്തിൻ്റെ ഗന്ധം പേറുന്നുണ്ടോ കാറ്റ്? ഭവനത്തിൻ്റെ ഏകാന്തതയിലേക്ക് ഇടയ്ക്ക് ആശ്വാസമായി കടന്നുവരുന്ന കാറ്റിനേയും പുഷ്പസുഗന്ധത്തേയും ഉള്ളിലേക്ക് ആവാഹിക്കുമ്പോൾ മനസ്സിലെ കോലാഹലങ്ങൾ തെല്ലൊന്ന് അടങ്ങിയിരുന്നു.
ഗൃഹത്തിനകത്ത് മടുപ്പിക്കുന്ന ശൂന്യതയാണ്. കളിവാക്കുകളാലും പൊട്ടിച്ചിരികളാലും മുഖരിതമായിരുന്ന വർണ്ണശബളമായ അകത്തളങ്ങൾ ഇപ്പോൾ വറ്റി വരണ്ട തടാകം പോലെ നിറങ്ങൾ വാർന്ന് ആരവങ്ങളില്ലാതെ നിർജീവമായിരിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റി തരാൻ വിളിപ്പുറത്തുള്ള ഏതാനും ദാസിമാരൊഴിച്ചാൽ കൈകേയി ഏകാന്തതയുടെ തടവറയിലാണ്. ആദ്യമൊക്കെ ഒറ്റപ്പെടൽ അസഹ്യമായി തോന്നിയിരുന്നു. കാലക്രമേണ അത് ജീവിതത്തിൻ്റെ ഭാഗമായി, മുഖ്യധാരയായി, പിന്നെ ജീവിതം തന്നെയായി.
ഉത്തര ദിശയിലേക്ക് തുറക്കുന്ന കിളിവാതിലിലൂടെ നോക്കുമ്പോൾ പുഴക്ക് സമാന്തരമായ പാതയിലൂടെ ചരിക്കുന്നവരെ കാണാം. മറുകരയിൽ സരയുവിൽ നിന്ന് ജലപാനം ചെയ്ത് തീരത്തെ, വേനലിൽ ശുഷ്കമായിത്തുടങ്ങിയ പുൽപ്പരപ്പിൽ പച്ച വറ്റാത്ത പുൽനാമ്പുകൾ തേടി മേയുന്ന അശ്വങ്ങളെയും ഗോക്കളെയും കാണാം. അതു നോക്കി ഇരിക്കുമ്പോൾ ശ്വേതകേതുവിനെ ഓർമ്മ വരും. അശ്വങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേകയത്തിലെ മഹാരാജാവ് അശ്വപതി, തൻ്റെ ഓമന പുത്രിക്ക് സമ്മാനിച്ച വെണ്മയാർന്ന, ലക്ഷണമൊത്ത കുതിരക്കുട്ടി! നന്നേ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ വിവാഹിതയായി അയോധ്യയിലേക്ക് വരുന്നത് വരെ സന്തത സഹചാരിയായിരുന്നു അവൻ. താൻ മനസ്സിൽ ഇച്ഛിക്കുന്നത് പറയാതെ തന്നെ അവൻ മനസ്സിലാക്കിയിരുന്നു. അവൻ്റെ ഓരോ നോട്ടത്തിൻ്റെയും ചേഷ്ടകളുടെയും അർത്ഥം തനിക്കും ഹൃദിസ്ഥമായിരിരുന്നു. നോക്കിയിരിക്കെ കണ്ണുകൾ നിറയുന്നതെന്തേ? നഷ്ടങ്ങളോർത്തുള്ള ദുഃഖമോ? അതോ പൊള്ളിക്കുന്ന ഓർമ്മകൾക്കിടയിൽ ചില നല്ല ഓർമകൾ നിലനിൽക്കുന്നല്ലോ എന്ന ആശ്വാസത്തിൻ്റെ സന്തോഷാശ്രുക്കളോ?
